വഴിയോരത്തു നിന്ന് വീട്ടിലേക്കു പറിച്ചുനടാം
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍ പുറന്തള്ളാന്‍ സഹായിക്കുകയും അതുവഴി ശരീരശുദ്ധി ഉറപ്പുവരുത്തുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിവിധിയായി പുനര്‍ന്നവാദി കഷായം കണക്കാക്കപ്പെടുന്നു. തഴുതാമയെ എങ്ങനെ നട്ടുവളര്‍ത്താം എന്നു നോക്കാം.
നടീൽ
ചുവന്ന പൂക്കളോടുകൂടിയ ഇനമാണ് ഇലക്കറിയായി ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ കഷ്ണം മേല്‍മണ്ണില്‍ വേരൂന്നി വളരുന്ന തണ്ട് നടീല്‍ വസ്തുവായി ഉപയോഗിക്കാം. നേര്‍മയായ മേല്‍മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, തരിമണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം പൂച്ചട്ടിയില്‍ നിറയ്ക്കുക. എന്നിട്ട് തഴുതാമയുടെ തണ്ട് ഒന്നോ രണ്ടോ മുട്ട് മണ്ണിനടിയിലാകുംവിധം നടുക. മണ്ണ് ഉണങ്ങാതെ സൂക്ഷിക്കുക. തൂക്കുവെയില്‍ ലഭ്യമായില്ലെങ്കിലും വേഗത്തില്‍ വളരുന്ന സസ്യമാണ് തഴുതാമ. മണ്ണില്‍ അല്‍പ്പം ജലാംശം ലഭ്യമായാല്‍ തഴുതാമ തഴച്ചുവളരും. സണ്‍ഷേഡുകളില്‍ ചീരക്കൃഷി ചെയ്യുന്ന രീതിയില്‍ തഴുതാമക്കൃഷിയും ചെയ്യാം. മുപ്പതു മുതല്‍ നാല്‍പ്പതു സെന്റീമീറ്റര്‍ വരെ അകലം പാലിച്ചേ തണ്ടു വയ്ക്കാവൂ എന്നതാണ് ഏക വ്യത്യാസം.
സ്വയംപ്രജനനം
തഴുതാമ ഒരു സ്ഥലത്ത് ഒരിക്കല്‍മാത്രം നട്ടാല്‍ മതിയാകും. കടുത്ത വേനലില്‍ വിളവെടുപ്പ് വേണ്ടിവന്നാല്‍ ജലസേചനം നടത്തണം. സ്വയം വിത്തുവിതയ്ക്കുന്നതും പൂര്‍വാധികം വേഗത്തില്‍ വളര്‍ന്നു പന്തലിക്കുന്നതുമായ ഇലക്കറി വിളയും ഔഷധവുമാണ് തഴുതാമ.
വിളവെടുപ്പ്, ഉപയോഗം–
ഇലകളും ഇളംതണ്ടും ഉപ്പേരി, തോരന്‍ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കാം. സൂപ്പിനും സലാഡിനും തഴുതാമ ഇല അത്യുത്തമം തന്നെ.