ആകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യസ്ഥത പുലർത്തുന്ന കൂണുകൾ നിരവധിയാണ്. ഭൂമുഖത്ത് നാൽപ്ത്തി അഞ്ചായിരത്തോളം ഇനം കൂണുകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അവയിൽ ഭക്ഷ്യയോഗ്യമായവ രണ്ടായിരത്തോളം ഇനങ്ങൾ മാത്രമാണ്. ഇതിൽ തന്നെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നവ കേവലം ഇരുപത്തിയഞ്ചോളം ഇനങ്ങൾ മാത്രമാണ്. .വിഷമില്ലാത്തഭക്ഷ്യയോഗ്യമായ പലതരം കൂണുകൾ കേരളത്തിൽ വന്യമായി വളരുന്നുണ്ടെങ്കിലും അവ തിരിച്ചറിയാനുളള പ്രായോഗിക ബുദ്ധിമുട്ടു കാരണം ഉപയോഗയോഗ്യമാക്കുന്നതിന് സാധിക്കുന്നില്ല.
ലോകത്ത് മറ്റൊരിടത്തും കാണുവാൻ കഴിയാത്ത പല ഇനം കൂണുകളും കേരളത്തിലെ മണ്ണിന്റേയും മഴയുടേയും കാലാവസ്ഥയുടേയും ഫലമായി ഇവിടെ ധാരാളമായി കണ്ടു വരുന്നു. മഴക്കാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം പ്രകൃതിദത്ത കൂണുകളിൽ ഭക്ഷ്യയോഗ്യമായവയിൽ പ്രധാനപ്പെട്ടവയാണ് ചിതൽക്കൂണുകൾ (ടെർമിറ്റോ മൈ സിറ്റ്സ് ) . ഇത് കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്നുണ്ട്.കൂട്ടമായി കാണുന്ന ചെറിയ ഇനത്തിലുള്ള ചിതൽ ക്കൂണകൾ അരിക്കൂൺ എന്ന പേരിലാണ് അധികവും അറിയപ്പെടുന്നത്. ഇതിൽ തന്നെ വലിപ്പമുള്ളവ മഴത്തണ്ടൻ, ഉപ്പു കൂൺ, പെരുംകാലൻ, പെരും കള എന്നീ പേരുകളിൽ അറിയപ്പെടുന്നു.
വർഷ കാലാരംഭത്തോടെ സർവ്വസാധാരണയായി കണ്ടുവരുന്ന മറ്റൊരു ഭക്ഷ്യയോഗ്യമായ ഇനമാണ് വെള്ളാരം കൂണുകൾ അഥവാ ലെപ്പിയോട്ടാ കൂണുകൾ.വളരെ ചെറിയ കൂണുകൾ മുതൽ സാമാന്യം വലിപ്പമുള്ളവ വരെ ഈ ജീനസ്സിൽ പെടുന്നു. തൂവെള്ള നിറമാണ് ഇവയ്ക്കുള്ളതെങ്കിലും തളിരിലയുടെ ഇളം പച്ചനിറമുള്ള സ്പാറുകൾ ഉള്ള ഒരേ ഒരു ഇനമായ ഭ്രാന്തൻ കൂൺ എന്ന് അറിയപ്പെടുന്ന ലെപ്പിയോട്ടാ മോർഗാനി എന്ന ഇനം ഒഴികെ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യമാണ്.
കാലവർഷത്തിന് മുമ്പായി മാർച്ച് മാസത്തിൽ ഇടമഴ പെയ്തു കഴിയുമ്പോൾ പ്ലാവ്, മാവ് തുടങ്ങിയ വൃക്ഷങ്ങളുടെ ചുവടുഭാഗത്തായിട്ടാണ് അധികവും പന്നിക്കൂണുകൾ കണ്ടു തുടങ്ങുന്നത്. ഇവ ഭക്ഷ്യയോഗ്യമാണ്. ചെറിയ കുടകൾ കണക്കെ വലിപ്പമുള്ള ഇവയുടെ തണ്ടുകൾക്ക് നല്ല കനമായിരിക്കും.
മണ്ണിലുണ്ടാകുന്ന കൂണുകൾ പോലെത്തന്നെ ധാരാളമായി കണ്ടു വരുന്ന മറ്റൊരിനമാണ് മരക്കൂണുകൾ (പ്ളൂറോട്ടാ സ് ) . കേരളത്തിൽ ഏകദേശം പന്ത്രണ്ടിനം മരക്കൂണുകൾ ഉള്ളതായി നിഗമനത്തിലെത്തിയിട്ടുണ്ട്. ഇവയിൽ മാവിൻ കുറ്റികളിലും മറ്റും കാണുന്ന
‘മാങ്കൂണുകൾ ‘ ഭക്ഷ്യയോഗ്യമാണ്. മരക്കൂണുകളിൽ പെട്ട ചിപ്പിക്കൂണുകൾ ആണ് ( പ്ല്യൂ റോട്ടസ് സാജോർകാജു) ആണ് ഇപ്പോൾ വയ്ക്കോൽ തുടങ്ങിയ മാധ്യമത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തു വരുന്നത്.
വിഷക്കൂണുകളെ ഭക്ഷ്യയോഗ്യ കൂണുകളിൽ നിന്നും തിരിച്ചറിയാനുള ചില പരമ്പരാഗത അറിവുകൾ നിലവിലുണ്ട്.
മുറിച്ച കൂൺ കഷണങ്ങളിൽ മഞ്ഞൾ കലർത്തുമ്പോൾ നീല നിറം വരുന്നുണ്ടെങ്കിൽ അത് വിഷമുളള കൂണായിരിക്കുമെന്നാണ് നിഗമനം. തിളക്കുന്ന കൂൺ കറിയിൽ സിൽവർ സ്പൂൺ മുക്കിവെച്ചാൽ അതിന് കറുത്ത നിറഭേദം കാണുന്നുവെങ്കിൽ അത് ഭക്ഷ്യയോഗ്യമായിരിക്കില്ലെന്നാണ് വിശ്വാസം. കൂണിന്റെ പുറമെയുള്ള തൊലി എളുപ്പം നീക്കം ചെയ്യാൻ സാധിക്കാത്ത പക്ഷം അത് വിഷക്കൂണാവാനാണത്രെ സാദ്ധ്യത.
എന്നാൽ ഈ വക നിഗമനങ്ങൾ പൂർണ്ണമായും ശാസ്തീയമായി ശരിയാകണമെന്നില്ല .
വിഷക്കൂണുകളിൽ ഏറ്റവും മാരകമായവ അമാനിറ്റ ,ഗലേറിയ, ലപിയോട്ട, കൊപ്രൈ നസ് എന്നീ വിഭാഗത്തിൽപ്പെട്ട വയ്ക്കാണ്. ഇവയിൽ ഏറ്റവും വിഷമുള്ളത് അമാനിറ്റ എന്ന ഇനത്തിനാണ്.
ഇത്തരം വിഷ കൂണുകൾക്ക് ചില പ്രത്യേകതകൾ കാണാം.
ഇവ കടുത്ത നിറത്തിൽ വളരെ ആകർഷണീയത ഉള്ളവയും രൂക്ഷ ഗന്ധമുള്ളവയും ആയിരിക്കും.
വിഷക്കൂണുകളിൽ വേൾവയും വളയവും അഥവാ ആനുലസ് ഒന്നിൽ തന്നെ കാണും.
പൈലി യസ് അഥവാ കുട പോലുള്ള ഭാഗത്തിന്റെ പുറമെ പലനിറത്തിലും വലിപ്പത്തിലുമുള്ള ശല്ക്കങ്ങൾ കാണും.
വിഷക്കൂൺ മുറിച്ച് വായിൽ വെച്ചു നോക്കിയാൽ കുത്തിത്തറക്കുന്ന പ്രതീതി നാവിൽ അനുഭവപ്പെടും.
കൂണിന് പ്രധാനമായും അഞ്ച് ഭാഗങ്ങളാണുള്ളത്. മുകളിലെ ഛത്രം, ഛത്രത്തിലെ അടിയിലെ ഗില്ലുകൾ, ചുവട്ടിൽ അൽപ്പം വീർത്തിരിക്കുന്നവൾ വ , ഇവ രണ്ടിനേയും യോജിപ്പിക്കുന്ന തണ്ട്, തണ്ടിൽ കാണുന്ന മോതിരവളയം എന്നിവയാണവ. ഛത്രത്തിൽ കാണപ്പെടുന്ന തഴമ്പോ , അരിമ്പാറ പോലുള്ള പാടുകൾ, വണ്ടി ചക്രത്തിന്റെ ഇല പോലെയുള്ള ഗില്ലുകൾ, സാധാരണയിൽ കവിഞ്ഞു വീർത്തിരിക്കുന്ന വൾവ, ഛത്രത്തിനും വൾവയ്ക്കും ഇടയിൽ കാണുന്ന വളയം എന്നീ രൂപസാദൃശ്യമുള്ള കൂണുകൾ വിഷമുള്ളതാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്പോറുകളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്തതിനാൽ സ്പോർ പ്രിന്റ് പരിശോധനാ മാർഗ്ഗം അവലംബിച്ച് അവയുടെ നിറം കണ്ടെത്താൻ സാധിക്കും. പരീക്ഷണശാലയും സൂക്ഷ്മദർശിനിയുമില്ലാതെ തന്നെ വിഷക്കുണുകളെ തിരിച്ചറിയാൻ ഈ പരിശ്രാധനമൂലം സാധിക്കും. സ്പോറങ്ങളുടെ നിറം വെച്ച് വിഷക്കൂണുകളെ വേഗം തിരിച്ചറിയാനാകും.
സ്പോറുകളുടെ പതിപ്പ് എടുക്കുന്നതിന് ആദ്യമായി പകുതി വെളുത്തതും പകുതി കറുത്തതുമായ കടലാസ് നിരപ്പായ സ്ഥലത്ത് വെയ്ക്കുക. മൂർച്ചയുള്ള ബ്ലേഡ് കൊണ്ടോ കത്തികൊണ്ടോ പൈലിയസും തണ്ടുമായി യോജിക്കുന്ന ഭാഗം വച്ച് മുറിക്കുക. ഇപ്രകാരം മുറിച്ചെടുത്ത പൈലിയസ് കമിഴ്ത്തി കടലാസിൽ വയ്ക്കുക. പാളികൾ കടലാസിന് അഭിമുഖമായിരിക്കണം. അതിനു ശേഷം ഒരു ജാർ കൊണ്ട് മൂടണം. മൂടുന്നതിന് മുൻപായി പഞ്ഞിയിൽ വെള്ളം നനച്ച് ജാറിനകത്ത് പറ്റിച്ച് വെക്കണം. ഗില്ലുകളിൽ നിന്നും വീഴുന്ന സ്പോറങ്ങളെ വെള്ള – കറുപ്പ് പേപ്പറിൽ കാണാവുന്നതാണ്. പച്ചയോ, ചുവപ്പോ നിറമുള്ള സ്പോറങ്ങൾ പേപ്പറിൽ പ്രത്യക്ഷപ്പെട്ടാൽ അവ വിഷക്കൂണുകളാണെന്ന് സ്ഥിരീകരിക്കാം.
കൂൺ വിഷം പ്രധാനമായും നാലു തരത്തിലാണ് ശരീരത്തെ ബാധിക്കുന്നത്
1.വയറിനെ ബാധിക്കുന്നവ
2 .രക്തത്തിൽ കലരുന്നവ
3. കരളിനേയും മൂത്രാശയത്തെയും ബാധിക്കുന്നവ
4. ഞരമ്പുകളെ ബാധിക്കുന്നവ.
പൊതുവെ പറഞ്ഞാൽ കൂൺ വിഷബാധ ഏൽക്കാതിരിക്കുവാൻ താഴെ കാണിച്ച കാര്യങ്ങൾ ശ്രദ്ധിക്കാം.
1. കൂണുകൾ ശ്രയരിക്കുമ്പോൾ ചെറിയ മൊട്ടുകൾ ഉപയോഗിക്കാതിരിക്കുക. കാരണം വിഷക്കൂണുകളുടെ പ്രത്യകതകൾ ഇവയിൽ കാണുവാൻ പ്രയാസമായിരിക്കും.
2. മുറിക്കുമ്പോൾ പാലിന്റെ നിറത്തിലുള്ള ദ്രാവകം ഊറുന്നവയും നീലനിറപ്പകർച്ച വരുന്ന കൂണുകളും ഉപയോഗിക്കാതിരിക്കുക.
3. അധികം മൂപ്പെത്തി വിടർന്ന് പഴക്കം ചെന്ന കൂണുകൾ ഉപയോഗിക്കാതിരിക്കുക.