മുണ്ടകന് (രണ്ടാംവിള) കൃഷിക്ക് ഒരുക്കുകൂട്ടാന്‍ സമയമായി. കന്നികൊയ്ത്തിനുശേഷമാണ് രണ്ടാം വിളയായ മുണ്ടകന്‍ (രണ്ടാംവിള) കൃഷിചെയ്യുന്നത്.സെപ്തംബര്‍-ഒക്ടോബര്‍ തുടങ്ങി ഡിസംബര്‍-ജനുവരിയിലാണ് മുണ്ടകന്‍ കൃഷി അവസാനിക്കുക കൃഷിയുടെ പ്രാരംഭ നടപടികള്‍ ആഗസ്റ്റ് മാസത്തില്‍ തന്നെ തുടങ്ങുന്നു.
വിരിപ്പുകൃഷി (ഒന്നാംവിള) എടുക്കാത്ത പാടശേഖരങ്ങളിലും രണ്ടാംവിള കൃഷിചെയ്താല്‍ അവസാനഘട്ടങ്ങളില്‍ വെള്ളത്തിന്റെ കുറവ് അനുഭവിക്കുന്ന ഇടങ്ങളിലും മുണ്ടകന്‍കൃഷിക്ക് നേരത്തെ തയ്യാറെടുക്കാം. ശാസ്ത്രീയമായി കൃഷിചെയ്ത് പരിചരിച്ചാല്‍ നെല്‍കൃഷി ആദായകരമാണ്. അതുകൊണ്ട് തുടക്കത്തില്‍ത്തന്നെ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലം ഒരുക്കല്‍, വിത്തൊരുക്കല്‍, ഞാറ്റടിയും പറിച്ചുനടീല്‍വരെയുള്ള പ്രവൃത്തിഘട്ടങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് തുടക്കംതന്നെ ശ്രദ്ധയോടെ ചെയ്യാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.രണ്ടാം വിളയില്‍ ഭൂരിപക്ഷവും നടീലാണ്. മുളപ്പിച്ച വിത്ത് നേരിട്ട് പാകി കൃഷിചെയ്യുന്നവരുമുണ്ട്. മഴയെമാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിതച്ചുപണിയെടുക്കുകയോ മൂപ്പ് കുറഞ്ഞവ നടുകയോ ചെയ്യുന്നു. പദ്ധതിപ്രദേശങ്ങളില്‍ അധികവും നടീലാണ് സ്വീകരിച്ചിരിക്കുന്നത്.
നിലം ഒരുക്കല്‍
നിലം ഒരുക്കാന്‍ ട്രാക്ടര്‍, ട്രില്ലര്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ആദായം. പാടശേഖര സമിതികള്‍ ഇതിനു മുന്‍കൈ എടുക്കുക. മുണ്ടകന്‍ കൃഷിക്കാലത്താണ് വരമ്പുകള്‍ ചളികൊണ്ട് ബലപ്പെടുത്തേണ്ടത്. വയലിലെ ഏറ്റവും വളക്കൂറുള്ള ചളിമണ്ണ് ഒലിച്ചുനഷ്ടപ്പെടാതെ സൂക്ഷിക്കണം. ഇതിന് വരമ്പുകള്‍ ബലപ്പെടുത്തി തയ്യാറാക്കിവയ്ക്കണം. ഇത് പുല്ല് ഉള്‍പ്പെടെയുള്ള കളകള്‍ ഇല്ലാതാക്കുകയും കീടബാധ തടയുകയും ചെയ്യും. വരമ്പുകള്‍ക്ക് ഉപദ്രവംചെയ്യുന്ന ഞങ്ങുകളെ അകറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലം ഒരുതവണ ഉഴുത് പുല്ലുകളും കളകളും അഴുകാന്‍ ഒരാഴ്ച സമയം നല്‍കുക. പിന്നീട് ഒരുതവണ ഉഴുതു പരുവമാക്കിവയ്ക്കുക. ഈ സമയം ഹെക്ടറിന് 350 കി.ഗ്രാം നീറ്റുകക്ക, അതല്ലെങ്കില്‍ കുമ്മായം തൂവിക്കൊടുക്കണം. തുടര്‍ന്ന് രണ്ടുമൂന്നുദിവസം 2, 3 സെ. മീ. ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുക. തുടര്‍ന്ന് വെള്ളം വാര്‍ത്തുകളയുകയും മുകളില്‍നിന്ന് വെള്ളം ഒഴുക്കി കഴുകിക്കളയുകയും ചെയ്യുക. മണ്ണിലെ പുളിപ്പ് മാറ്റാനും തുടര്‍ന്ന് കൃഷിയുടെ അനുയോജ്യമായ വളര്‍ച്ചയ്ക്കും ഇത് ആവശ്യമാണ്. പിന്നീട് ഞാറ് പറിച്ചുനടുമ്പോള്‍ മാത്രം നിലം ഉഴുതാല്‍ മതി. ഉഴുത ഉടന്‍ പറിച്ചുനടരുത്. ഞാറ് കൂടുതല്‍ താഴ്ന്നുപോകും.
വിത്തും വിത്തിനങ്ങളും
ഏപ്രില്‍-മേയ് മാസത്തില്‍ വിളവെടുത്ത പുഞ്ചകൃഷിയിലെ പുതിയ വിത്തുകളാണ് മുണ്ടകന് ഏറ്റവും അഭികാമ്യം.തുലാവര്‍ഷം പ്രതീക്ഷയ്ക്കൊത്തു കിട്ടിയില്ലെങ്കില്‍ മൂപ്പുകുറഞ്ഞ ഇനം കൃഷി ചെയ്യുന്നതാണുത്തമം. ഹ്രസ്വകാല ഇനങ്ങളായ ജ്യോതി, ത്രിവേണി, മട്ടത്രിവേണി, കൈരളി, കാഞ്ചന, കാര്‍ത്തിക, മകം എന്നിവയാണ് യോജിക്കുക. സാമാന്യമായി വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ മഷൂരി, ഭാരതി, പവിഴം, ആരതി, ഐശ്വര്യ, രമ്യ, കനകം എന്നീ മധ്യകാല ഇനങ്ങളാകാം. വെള്ളം സുലഭമാണെങ്കില്‍ പിടിബി-4, സി.ഒ. 25, നിള, രശ്മി എന്നീ മൂപ്പേറിയ ഇനങ്ങളുമാകാം. വൈക്കോല്‍ ധാരാളം കിട്ടുന്ന ഇവയ്ക്ക് 140 മുതല്‍ 180 ദിവസംവരെ മൂപ്പുണ്ട്. പാലക്കാടന്‍ കൃഷിയിടങ്ങള്‍ക്കനുയോജ്യമായ ഈ ഇനങ്ങളുടെ ഞാറ്റടി ആഗസ്റ്റില്‍ തന്നെ തയാറാക്കി തുടങ്ങുന്നു.
ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും
ഞാറ്റടിയില്‍നിന്നും നല്ല ഞാര്‍ കിട്ടിയില്ലെങ്കില്‍ മുണ്ടകന്‍ വിള മോശമാകും. ഞാറ്റടിക്കു പ്രത്യേകം സ്ഥലം ഒഴിച്ചിട്ടില്ലെങ്കില്‍ ഒന്നാം വിള കൊയ്തെടുക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. വിളവെടുത്തു കഴിഞ്ഞു നിലം നല്ലപോലെ ഉഴുതു പാകപ്പെടുത്തി നെല്‍ച്ചെടിയുടെ കുറ്റിയും മറ്റും അഴുകാന്‍ പത്തു ദിവസമെങ്കിലും ഇടവേള ഉണ്ടായിരുന്നാല്‍ കൊള്ളാം. അല്ലാത്തപക്ഷം അവിടെ വളരുന്ന ഞാര്‍ പറിക്കുമ്പോള്‍ പൊട്ടിപ്പോകാനിടയുണ്ട്. ഞാറ്റടിയില്‍ സസ്യസംരക്ഷണവും വിരിപ്പിനു വിവരിച്ചപോലെ തന്നെയാണ്. സസ്യസംരക്ഷണത്തിനാവശ്യമായ കീടനാശിനികള്‍ പ്രയോഗിക്കുക തന്നെ വേണ്ടിവരും.
ഞാറ്റടി തയ്യാറാക്കല്‍
മുണ്ടകന്‍കൃഷിക്ക് ചേറില്‍ വിതച്ചുണ്ടാക്കിയ ഞാറ്റടിയാണ് ഫലപ്രദം. ഒരു ഹെക്ടറില്‍ പറിച്ചുനടാന്‍ 25 സെന്റ് (1000 ച.മീ) സ്ഥലത്ത് ഞാറ്റടി മതി. ഹെക്ടറിന് 60-85 കി.ഗ്രാം വിത്ത് മതിയാകും. മുന്‍കൂട്ടി കുതിര്‍ത്ത് ചൂടും ഈര്‍പ്പവുമുള്ള സ്ഥലത്ത് മുളയ്ക്കാന്‍ വയ്ക്കുക. ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. മുളച്ച് മൂന്നാം ദിവസം വിതയ്ക്കാം. വിതച്ച് അഞ്ചുദിവസത്തിനുശേഷം ഏഴുദിവസംവരെ അഞ്ചു സെ. മീ. ഉയരത്തില്‍ വെള്ളം നിര്‍ത്തണം. മൂപ്പുകുറഞ്ഞ ഇനങ്ങള്‍ 18 ദിവസത്തിലും, ഇടത്തരം മൂപ്പുള്ളവ 25 ദിവസത്തിലും പറിച്ചുനടാം. 30 ദിവസത്തിനകം നടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കെട്ടിനിര്‍ത്തിവേണം ഞാറ് പിഴുതെടുക്കാന്‍.
ഞാറ് നടുമ്പോള്‍
ഞാര്‍ നടുമ്പോള്‍ ച.മീറ്ററിന് 50 നുരികള്‍ വരത്തക്കവണ്ണം 20:10 സെ.മീ. അകലത്തില്‍ മധ്യകാല ഇനങ്ങളും ച.മീറ്ററിന് 67 നുരികള്‍ വരത്തക്കവണ്ണം 15:10 സെ.മീ. അകലത്തില്‍ ഹ്രസ്വകാല ഇനങ്ങളും നടേണ്ടതാണ്. അത്തം ഞാറ്റുവേലയുടെ (സെപ്റ്റംബര്‍ 26- ഒക്ടോബര്‍ 10) അവസാനവും ചിത്തിരഞാറ്റുവേലയുടെ (ഒക്ടോബര്‍ 10-23) ആരംഭത്തിലും നടുന്നതാണ് നല്ലവിളവുണ്ടാക്കാന്‍ നല്ലതെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു.
വിത്തിൻ്റെ ഇനം
ഒട്ടേറെ വിത്തിനങ്ങള്‍ നിലവിലുണ്ട്. മണ്ണിന്റെ അവസ്ഥ, വെള്ളത്തിന്റെ ലഭ്യത, ഭക്ഷ്യാവശ്യം എന്നിവ കണക്കിലെടുത്ത് ഏതും തെരഞ്ഞെടുക്കാം. മുണ്ടകന് മൂപ്പുകുറഞ്ഞവയില്‍ ജ്യോതി, കാര്‍ത്തിക, മകം, ത്രിവേണി, രേവതി, രമണിക. ഇടത്തരം ഇനമായ ഉമ, അശ്വതി, രമ്യ, ആതിര, ജയ തുടങ്ങിയ ഒട്ടേറെ ഇനങ്ങള്‍ ഉണ്ട്. കീടരോഗബാധയില്ലാത്ത മുഴുപ്പുള്ളതും അങ്കുരണശേഷി പരിശോധിച്ച് ഉറപ്പുവരുത്തിയതുമായ വിത്തെടുക്കണം.
വരമ്പില്‍ പയര്‍
രണ്ടാം വിളയ്ക്കു ഞാര്‍ നട്ട് തീരുന്നതോടെ വരമ്പിന്‍റെ ഇരുവശത്തും പയര്‍വിത്ത് കുത്തി ഇട്ടാല്‍ വയലിലെ ജലാംശം ഉള്‍ക്കൊണ്ട് നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന ചെടികളില്‍നിന്നും അധിക ചെലവൊട്ടും കൂടാതെ പച്ചപ്പയറും വിത്തിന്‍റെ ആവശ്യത്തിനുള്ള ഉണക്കപ്പയറും സംഭരിക്കാം. ഇതിനു പറ്റിയ ഇനങ്ങള്‍ ന്യൂഇറ, കനകമണി, സി-152 എന്നിവയാണ്.
വളം
വളം ചേര്‍ക്കല്‍ ഒന്നാം വിളയ്ക്ക് വിവരിച്ചതുപോലെതന്നെ. മേല്‍വളം രണ്ടു പ്രാവശ്യമായി നല്‍കുമ്പോള്‍ ആദ്യത്തേത് നട്ട് മൂന്നാഴ്ചയാകുമ്പോഴും രണ്ടാമത്തെത് നട്ട് ആറാഴ്ചയാകുമ്പോഴുമാണു വേണ്ടത്. വിത്ത് വിതച്ച് കൃഷി ചെയ്യുന്നവര്‍ക്കുള്ള രാസവളതോതിനും മാറ്റമില്ല. ആകെ വേണ്ട യൂറിയ മൂന്നു തുല്യ ഭാഗങ്ങളാക്കിയതില്‍ ഒരു ഭാഗം അടിവളമായും ബാക്കി മേല്‍വളമായി, വിതച്ച് മൂന്നാഴ്ച കഴിഞ്ഞും രണ്ടാമത്തേത് 6 ആഴ്ച കഴിഞ്ഞും കൊടുക്കുന്നതാണു നല്ലത്.
വെള്ളം വേണ്ടപ്പോള്‍ മാത്രം
മുണ്ടകന്‍ കൃഷിയുടെ വിജയം യഥാസമയം വെള്ളം കിട്ടുന്നതിനാലാണ്. വയലില്‍നിന്നും വെള്ളം ഊര്‍ന്നും ചോര്‍ന്നും പോകാതിരിക്കാന്‍ നിലം പൂട്ടി നല്ലവണ്ണം ചെളിയാക്കുകയും വരമ്പ് ചേറുകൊണ്ട് പൊതിയേണ്ടതുമാണ്. തുടര്‍ച്ചയായി അധികം വെള്ളം കെട്ടിനിര്‍ത്തേണ്ട ആവശ്യമില്ല. നടുമ്പോള്‍ അര ഇഞ്ചിലധികം വെള്ളം വേണ്ട. ഇതു ക്രമേണ കൂട്ടി ചിനപ്പു പൊട്ടുന്ന പ്രായത്തില്‍ 2 ഇഞ്ച് വരെയാക്കി നിര്‍ത്തിയാല്‍ മതി. കൊയ്യുന്നതിന് ഒരാഴ്ച മുമ്പ് വെള്ളം വറ്റിച്ചു കളയുകയും വേണം.
സസ്യസംരക്ഷണ നടപടികള്‍
തണ്ടുതുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം കൂടുമെന്നതിനാല്‍ ഞാറ്റടിയിലെ പ്രതിരോധ നടപടികള്‍ക്കു മുന്‍തൂക്കം കൊടുക്കണം. അതുപോലെ തന്നെ ഞാറ്റടിയിലും പിന്നീടുള്ള ഒരു മാസക്കാലവും പുള്ളിക്കുത്ത് രോഗത്തിന്‍റെ കടന്നാക്രമണത്തിനു സാധ്യതയുള്ളതിനാല്‍ കുമിള്‍നാശിനികള്‍ തളിക്കേണ്ടതായും വരും.
അസോള
നൈട്രജന്‍ ലഭ്യതയ്ക്കും, ജൈവവളത്തിനുമായി ജലനിയന്ത്രണസാധ്യതയുള്ള ഇടങ്ങളില്‍ അഞ്ചു സെ. മീ. വെള്ളം നിര്‍ത്തി അതില്‍ അസോള വിത്ത് വിതറുക. 10 ദിവസത്തോടെ ഇത് വിഘടിച്ച് കണ്ടംനിറയെ വ്യാപിച്ചുതുടങ്ങും. 30-35 ദിവസമായാല്‍ വെള്ളംവറ്റിച്ച് ചേറില്‍ ചവിട്ടിതാഴ്ത്തിക്കൊടുക്കാം.