പച്ചക്കറിക്കൃഷിയിലെ പരമ്പരാഗത നാട്ടറിവുകള്‍

പച്ചക്കറിക്കൃഷി കേരളത്തിന്റെ പാരമ്പര്യകൃഷിയാണ്. രാസവളങ്ങളും രാസകീടനാശിനികളുമൊന്നും ഇല്ലാത്ത കാലത്തും നല്ല രീതിയില്‍ കൃഷിചെയ്ത് വിളവുകള്‍ ഉണ്ടാക്കിയ പാരമ്പര്യം അവര്‍ക്കുണ്ട്. അന്നവര്‍ സ്വീകരിച്ചിരുന്ന പല മാര്‍ഗങ്ങളും അവര്‍ അനുഭവത്തിലൂടെ കണ്ടെത്തിയ അറിവുകളിലൂടെയാണ്. അവര്‍ വാമൊഴിയായും പ്രായോഗികമായും തലമുറകള്‍ക്ക് കൈമാറപ്പെട്ടു.  എന്നാല്‍ ഇന്ന് ഇത്തരം വാമൊഴി അറിവുകള്‍ തലമുറകളിലേക്ക് കൈമാറ്റംചെയ്യാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകള്‍ പരിചയപ്പെടുത്തുകയാണ്.

1. മുളകുവിത്ത് പാകുമ്പോള്‍ വിത്തുമായി അരി പൊടിച്ചുകലര്‍ത്തി വിതറുക. ഉറുമ്പുകള്‍ വിത്തുപേക്ഷിച്ച് അരി ശേഖരിച്ച് പോകും. മുളകുവിത്ത് അവശേഷിക്കും.
2. പച്ചമുളകുതൈയുടെ ചുവട്ടില്‍ ശീമക്കൊന്ന ഇലയും പച്ചച്ചാണകവും ചേര്‍ത്ത് പുതയിട്ടാല്‍ പുഷ്ടിയായി വളരുകയും ചില കീടബാധ തടയുകയും ചെയ്യും.
3. വേപ്പിന്‍പിണ്ണാക്ക് വഴുതിനതടത്തില്‍ ചേര്‍ത്താല്‍ കീടം തടയാനും പ്രത്യേകിച്ചും വെള്ളീച്ചയെ തടയാനും സഹായിക്കും.
4. തുമ്പച്ചെടി മുളകിനു ചുവട്ടില്‍ ചേര്‍ത്തുകൊടുത്താല്‍ മുളക് (കായ) പിടുത്തം കൂടും. കൂടുതല്‍ ഉല്‍പ്പാദനമുണ്ടാകും.
5. മത്തന്‍-പടവല വര്‍ഗത്തിനൊപ്പം മുതിര വളര്‍ത്തിയാല്‍ മത്തന്‍ വണ്ടുകളുടെ ശല്യം കുറയ്ക്കാം.
6. വെള്ളരിവര്‍ഗത്തില്‍ മഞ്ഞുകാലത്ത് ഇലയില്‍ ചാരം വിതറുക. പ്രാണിശല്യം കുറയും.
7. പാവല്‍തോട്ടത്തില്‍ ഇടയ്ക്ക് ചേന കൃഷിചെയ്താല്‍ ഇലമുരടിപ്പുരോഗം കുറയും.
8. പാവല്‍, പടവലം എന്നിവയുടെ വള്ളികള്‍ അല്‍പ്പം ഉയര്‍ന്നു പടര്‍ന്നാല്‍ വള്ളി താഴ്ത്തിവച്ച് മണ്ണിട്ടുകൊടുത്ത് വീണ്ടും പടര്‍ത്തിയാല്‍ കൂടുതല്‍ വേരുപൊട്ടി പുഷ്ടിയായി വളര്‍ന്ന് നല്ല കായ്ഫലം ഉണ്ടാകുമെന്ന് പഴമക്കാര്‍ പറയുന്നു.
9. പച്ചക്കറിത്തോട്ടത്തിനുചുറ്റും ചെണ്ടുമല്ലിച്ചെടി നട്ടാല്‍ (നെല്‍പ്പാടത്തുമാകാം) കീടങ്ങള്‍ കുറയും.
10. മുളകിലെ കായുംപൂവും കൊഴിയുന്നതു തടയാന്‍ കരിക്കിന്‍വെള്ളവും പശുവിന്‍പാലും കലര്‍ത്തിയ ലായനി, ചെടി നട്ട് 60-70, 75-90 ദിവസങ്ങളില്‍ തളിച്ചുകൊടുക്കുക.
11. മത്തന്‍ നട്ടാല്‍ കായണമെന്ന ചൊല്ലുണ്ട്. പടര്‍ന്നുപൂക്കുംവരെ നേരിയതോതിലേ നനയ്ക്കാവു. പിന്നീട് ധാരളം വെള്ളം നനച്ചുകൊടുക്കണം.
12. പയറിലെ അരക്കുകീടത്തെ കളയാന്‍ നീര്‍ ഉറമ്പുകളെ വളര്‍ത്തുക.
13. മത്തന്‍ പടരുമ്പോള്‍ വള്ളിമുട്ടുതോറും പച്ചച്ചാണക ലായനി ഒഴിക്കുക. വള്ളി വേഗം വളരുകയും പെണ്‍പൂക്കള്‍ കൂടുകയും ചെയ്യും.
14. ചീരയിലെ വെള്ളക്കുത്ത് രോഗം തടയാന്‍ പച്ചച്ചീര ഇടകലര്‍ത്തി നടുക. അപ്പക്കാരവും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക.
15. ഇഞ്ചിക്ക് ധാരാളം ചിനപ്പുകളുണ്ടാകാനും കിഴങ്ങ് കൂടാനും ‘കലക്കിക്കോരല്‍’ എന്ന ചൊല്ലുണ്ട്. പുതിയ ചാണകം മൂത്രംകൂടി കലര്‍ന്നത് തൊഴുത്തില്‍നിന്നു ശേഖരിച്ച് ഇഞ്ചിയില്‍ ഒഴിച്ചുകൊടുക്കുക.
16. വെണ്ടക്കായ വിത്തെടുക്കാന്‍ ഉണക്കുമ്പോള്‍ ചെടിയില്‍വച്ചുതന്നെ നൂല്‍കൊണ്ട് ചുറ്റിക്കെട്ടുക.
17. പാവല്‍, പടവലം, ചുരക്ക, പീച്ചില്‍ പൂകൊഴിച്ചില്‍ തടയാന്‍ 25 ഗ്രാം കായം പൊടിച്ച് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക.
18. കുംഭമാസത്തിലെ പൌര്‍ണമിയില്‍ ചേന നടണം. നടുമ്പോള്‍ ചുവട് ചവിട്ടിയുറപ്പിച്ച് ചാണകവും എല്ലുപൊടിയും ചേര്‍ക്കുക. കൂടുതല്‍ വലുപ്പമുണ്ടാകും.
19. ചാണകനീറ്റില്‍ ചേനവിത്ത് മുക്കി ഉണക്കി നടുക. കൂടുതല്‍ ശക്തമായ നല്ല മുള ലഭിക്കും.
20. പയറിലെ ചാഴിയെ തടയാന്‍ ഈന്തിന്‍ കായ മുറിച്ച് തോട്ടത്തില്‍ പല സ്ഥലത്തായി വയ്ക്കുക.
21. പച്ചക്കറി കായീച്ചയെ തടയാന്‍ മഞ്ഞപെയിന്റടിച്ച പലക (തകരം)യില്‍ ആവണക്കെണ്ണ പുരട്ടി പന്തലില്‍ തൂക്കുക. പ്രാണി മഞ്ഞനിറം ആകര്‍ഷിച്ചുവന്ന് പലകയില്‍ പറ്റിപ്പിടിക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *