മഞ്ഞൾ വിളവെടുപ്പിന് ഇപ്പോഴാണ് സമയം. മൂപ്പുകുറഞ്ഞ ഇനങ്ങൾ എട്ടുമാസത്തോടെയും ഇടത്തരം മൂപ്പുള്ളവ ഒമ്പത് മാസത്തോടെയും ദീർഘകാല മൂപ്പുള്ളവ 10 മാസത്തോടെയും വിളവെടുക്കാം. പൊതുവേ ഫെബ്രുവരി–-മാർച്ച്–-ഏപ്രിൽ ആണ് മിക്കതും വിളവെടുക്കാൻ പാകമാകുക.
വിളവെടുപ്പ്
ഉണങ്ങിയ മഞ്ഞൾ ഇലകൾ നീക്കിയശേഷം നീണ്ട തൂമ്പ കൊണ്ട് ആഴത്തിൽ മണ്ണിൽ കൊത്തിക്കിളയ്‌ക്കണം. കിഴങ്ങിന് ക്ഷതം ഏൽക്കരുത്. കിളച്ചതിനുശേഷം മണ്ണും വേരും നീക്കി തണലിൽ വയ്ക്കുക. കിളച്ച് രണ്ടോ മൂന്നോ ദിവസത്തിനകം സംസ്കരിക്കണം. വിത്തിന് ആവശ്യമായവ മാറ്റിവയ്‌ക്കണം. വിത്ത് സൂക്ഷിക്കുന്നതിന് തണലുള്ള സ്ഥലത്ത് ഒരു കുഴിയെടുത്ത് വശങ്ങൾ ചാണകവും മണ്ണും കൊണ്ട് തേച്ചുപിടിപ്പിച്ച് അതിൽ ആരോഗ്യമുള്ള കിഴങ്ങുകൾ സൂക്ഷിക്കാം. മാതൃ പ്രകന്ദങ്ങളും (തട) ലഘു പ്രകന്ദങ്ങളും ഉപയോഗിക്കാം. ഇവ കുമിൾ നാശിനിയിൽ മുക്കി തണലിൽ ഉണക്കിയശേഷം വേണം ഈ കുഴിയിൽ വിത്തുകൾ നിറയ്ക്കാൻ. ഇതിന്റെ മുകളിൽ കരിയിലയും മറ്റും ഇട്ട് മൂടണം.
സംസ്കരണം
മാതൃ പ്രകന്ദങ്ങളും ലഘു പ്രകന്ദങ്ങളും പ്രത്യേകം പ്രത്യേകം വേവിക്കണം. വേവിക്കുന്നതിന് ജിഐ അല്ലെങ്കിൽ എംഎസ് ഷീറ്റ് കൊണ്ടുണ്ടാക്കിയ അരിപ്പയാണ് നല്ലത്. ഇതിൽ കിഴങ്ങ് നിരത്തിവച്ചശേഷം വെള്ളം നിറച്ച വലിയ പാത്രത്തിൽ അരിപ്പ താഴ്ത്തിവച്ച് വെള്ളം തിളപ്പിക്കുക. വേവിന്റെ പാകം നോക്കണം. ഈർക്കിൽ കൊണ്ട് കുത്തിയാൽ മൃദുഅവസ്ഥയോടെ താഴ്ന്നുപോകാൻ പാകത്തിലായിരിക്കണം ഇത്. പിന്നീട് അരിപ്പയോടെ തന്നെ പുറത്തെടുക്കണം. വെള്ളം വാർത്തശേഷം പനമ്പ് പായയിലോ വൃത്തിയുള്ള തറയിലോ നിരത്തി വെയിലിൽ നന്നായി ഉണക്കുക.
പോളിഷ് ചെയ്യൽ മഞ്ഞളിന് ആകർഷണം കിട്ടാൻ പോളിഷ് ചെയ്യുന്ന രീതിയുണ്ട്. മാർക്കറ്റിൽ വിൽപ്പനയ്‌ക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ കൈകൊണ്ടോ ചാക്കിൽ കെട്ടി ചവിട്ടി ഉരസിയോ മിനുസപ്പെടുത്താം. ഇതിനു പുറമെ മഞ്ഞൾ പൊടി പ്രത്യേകം ലായനിയാക്കി ഒഴിച്ചുപിടിപ്പിച്ച് ആകർഷകമാക്കി ഉണക്കിയശേഷം മാർക്കറ്റ് ചെയ്യാം. ഇത് വീണ്ടും വെയിലത്തിട്ട് ഉണക്കിയശേഷം ഉപയോഗിക്കാം