മാവും പ്ലാവും കായ്ക്കുന്നത് കാത്തിരിക്കുന്നവർക്ക് ഓരോ സീസൺ കഴിയുമ്പോഴും നിരാശയാണ് ഫലമെങ്കിൽ അതിന് പ്രതിവിധി ഇവിടെയുണ്ട്. വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് മരുന്നുകളുണ്ടാക്കി പ്രയോഗിച്ചാൽ ഫലവൃക്ഷങ്ങൾ അത്ഭുതകരമായി വിളവ് തരും. കൂടാതെ, തെങ്ങ് ഉൾപ്പെടെയുള്ള വിളകളിൽ നിന്ന് വിളവ് ലഭിക്കാൻ പണ്ട് കാലത്ത് നടപ്പിലാക്കിയിരുന്ന ചില വിദ്യകളും മനസിലാക്കാം.
ഉലുവാ കഷായം
വെറുതെ ശിഖരങ്ങൾ വെട്ടിമാറ്റിയും കോതിക്കളഞ്ഞും കായ്ക്കുന്നതിനുള്ള ഉപായങ്ങൾ നോക്കിയിട്ടും ഫലം ലഭിക്കാത്തവർക്ക് ഉലുവാ കഷായം മികച്ചതാണ്.
500 ഗ്രാം ഉലുവ 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം വൃക്ഷത്തിന്റെ ചുവട്ടിൽ ഒഴിക്കുക. രണ്ട് ദിവസത്തിന് ശേഷം 2 ലിറ്റർ വെള്ളത്തിൽ വീണ്ടും ഉലുവ തിളപ്പിച്ച് ഫലവൃക്ഷ ചുവട്ടിൽ ഒഴിച്ചാൽ ഗുണം ചെയ്യും.
പഴയകാലത്തെ ആളുകൾ പ്ലാവിന് പാവാട ഇടുന്ന പതിവുണ്ടായിരുന്നു. ചില ഫല വൃക്ഷങ്ങൾക്ക് മോതിര വളയം ഇടുന്നതും എളുപ്പത്തിൽ കായ് ഫലം ലഭിക്കുന്നതിന് കാരണമാകുമെന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. വർഷങ്ങൾ ആയിട്ടും കായ് ഫലം തരാത്ത തെങ്ങുകൾക്ക്പണ്ട് കാലത്ത് ആണി അടിക്കുമായിരുന്നു. പിന്നീട് ഇത്തരം തെങ്ങുകൾ കായ്ച്ചിട്ടുണ്ട്.
മഴക്കാലത്തിന് മുൻപ് പ്ലാവിൽ ചാണകം തേച്ച് പഴയ തുണി കൊണ്ട് കെട്ടി വെക്കുന്ന രീതിയും പരീക്ഷിച്ചിരുന്നു. പ്ലാവിന്റെ ചുവട്ടിൽ ചക്ക കായ്ക്കുന്നതിന് ഇത് ഉപകരിക്കും.