വാനില കൃഷി

വര്‍ഷത്തില്‍ 150-300 മി.ലി. വരെ മഴ കിട്ടുന്നതും ഈര്‍പ്പവും ചൂടുള്ളതുമായ സ്ഥലത്ത് വാനില നന്നായി വളരുന്നു . എന്നാല്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് രോഗകാരണമാകുന്നു . ജൈവവള സമ്പന്നമായ ഇളകിയ മേല്‍മണ്ണാണ് വാനിലയ്ക്ക് നന്നായി വളരാന്‍ പറ്റിയത് . മണല്‍ കലര്‍ന്ന പശിമരാശി മണ്ണു മുതല്‍ വെട്ടുകല്‍ മണ്ണുവരെയുള്ള വ്യത്യസ്ത മണ്ണിനങ്ങളില്‍ വാനില കൃഷി ചെയ്യാം . സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 1500 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ വാനില കൃഷിക്ക് അനുയോജ്യമാണ്.

വാനിലക്ക് രണ്ടു നടീല്‍ കാലമാണുള്ളത്. കാലവര്‍ഷം കനക്കുന്നതിന് മുമ്പ് മെയ്‌ മാസത്തിലും കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും മദ്ധ്യേ സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ മാസങ്ങളിലും. കേരളത്തിലെ സാഹചര്യത്തില്‍ ഏറ്റവും നല്ലത് രണ്ടാമത്തെ കൃഷിക്കാലമാണ്.

വാനിലയുടെ വള്ളി മുറിച്ചതോ കൂടതൈകളോ ആണ് നടാനുപയോഗിക്കുക. പതിനഞ്ചു മുതല്‍ ഇരുപതു വരെ ഇടമുട്ടുകളുള്ള നീളന്‍ തണ്ട് നട്ടാല്‍ ചെറിയ തണ്ടുകളേക്കാള്‍ വേഗം പുഷ്പിക്കുന്നു. എന്നാല്‍ ഇത്രയേറെ നീളമുള്ള വള്ളികള്‍ നടാന്‍ കിട്ടി എന്നു വരില്ല. അങ്ങനെ വരുമ്പോള്‍ വള്ളികളുടെ ലഭ്യതയനുസരിച്ച് നീളം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം . ഏറ്റവും കുറഞ്ഞത് അഞ്ച് ഇടമുട്ടുകള്‍ അല്ലെങ്കില്‍ അറുപത് സെന്‍റീമീറ്ററെങ്കിലും നീളമില്ലാത്ത തലകള്‍ നടാന്‍ ഉപയോഗിക്കരുത്.

നടീല്‍രീതി

തണ്ടിന്റെ ഇല നീക്കിയ ചുവടുഭാഗം താങ്ങുമരത്തിന്റെ ചുവട്ടിലെ ഇളകിയ മണ്ണില്‍ പതിച്ചു വയ്ക്കണം.ഇതിന് മീതെ രണ്ടോ മൂന്നോ സെന്‍റിമീറ്റര്‍ കനത്തില്‍ നനമണ്ണ് വിതറണം. തണ്ടിന്റെ ചുവട്ടിലെ മുറിഭാഗം മാത്രം അല്‍പം മണ്ണിന് മുകളിലായിരിക്കണം. കടചീയല്‍ രോഗം പിടിപെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തണ്ടിന്റെ മുകള്‍ഭാഗം താങ്ങുകാലിനോട് ചേര്‍ത്ത് കെട്ടണം. വയ്ക്കോല്‍, ഉണങ്ങിയ പുല്ല്, കരിയില, തൊണ്ട് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് ചുവട്ടില്‍ പുതയിടണം. ഉണങ്ങിയ പോതപ്പുല്ല്, വാഴയില, ഓലത്തുഞ്ചാണി എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് തണ്ടില്‍ വെയില്‍ തട്ടാതെ തണല്‍ നല്‍കണം.ചെറിയ തോതില്‍ നനയ്ക്കണം.ഒന്നു രണ്ടു മാസം കൊണ്ട് വേരുപിടിക്കുകയും മുളപൊട്ടുകയും ചെയ്യും.

കോഴികള്‍ മണ്ണിരയ്ക്കുവേണ്ടി ചുവട് ചികയുമ്പോള്‍ വാനിലയുടെ ചുവട് പറിയുന്നത് കാണാറുണ്ട്‌. തോട്ടത്തിന് ചുറ്റിലും വേലിയുണ്ടാക്കി കോഴികളുടെ ശല്യം കുറയ്ക്കാം .

വളം ചേര്‍ക്കല്‍

കമ്പോസ്റ്റ്, കാലിവളം, പച്ചില, ബയോഗ്യാസ്‌, സ്ലറി, മണ്ണിര കമ്പോസ്റ്റ്, പിണ്ണാക്കുകള്‍, എല്ലുപൊടി എന്നിവയാണ് ഉത്തമം. കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത ലായനി മാസത്തിലൊരിക്കല്‍ ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നത് വളര്‍ച്ച വേഗത്തിലെത്താന്‍ സഹായിക്കുന്നു.

17:17:17 എന്ന രാസവള മിശ്രിതം 1 കിലോ 100 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ചെടിയുടെ തണ്ട്,ഇല എന്നിവിടങ്ങളില്‍ തളിച്ചുകൊടുക്കുന്നത് വള്ളികളുടെ വളര്‍ച്ചയെ സഹായിക്കും.

ജലസേചനം

വാനിലക്ക് നന വേണം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ആഴ്ചയില്‍ ചെടിയൊന്നിന് 2 മുതല്‍ 3 ലിറ്റര്‍ വെള്ളം കിട്ടുന്ന വിധത്തില്‍ നന ക്രമീകരിക്കുക. ജലസേചനരീതി ഏതായാലും, നനവുള്ള സാഹചര്യം നിലനിര്‍ത്തണം.ഫെബ്രുവരി മുതല്‍ മെയ്‌ വരെയുള്ള നാലുമാസം വാനിലക്ക് ആഴ്ചയില്‍ രണ്ടു നനയെങ്കിലും കൂടിയേ തീരൂ.

പുതയിടല്‍

വാനിലച്ചെടിയുടെ 80 ശതമാനം വേരുകളും മണ്ണിനു മുകളിലുള്ള ജൈവവസ്തുക്കളിലാണ് പറ്റിക്കൂടി വളരുന്നത്. അതുകൊണ്ടുതന്നെ പുതയിടലിന് വലിയ പ്രാധാന്യമുണ്ട്. ചപ്പും ചവറും ഇലകളുമാണ് പുതയിടലിനുപയോഗിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പുതയിടണം.ചുവട്ടിലെ മണ്ണ് ഇളക്കരുത്; വാനിലത്തണ്ടില്‍ നിന്ന് അല്‍പം അകറ്റി വേണം പുതയിടാന്‍. പൂപ്പല്‍ബാധ ഒഴിവാക്കാനാണിത്.

നട്ടാലുടന്‍ ഉണക്കയിലകളുടെ പുത, അതു കഴിഞ്ഞാല്‍ തൊണ്ട് അടുക്കിയുള്ള പുത, ആറു മാസം കഴിഞ്ഞാല്‍ പച്ചിലപുത എന്നിവയാണ് നല്ലത്. വേനല്‍ക്കാലത്ത് തൊണ്ടിന്റെ പുത നല്ലതാണ്. വാഴയില, വാഴത്തട എന്നിവയൊക്കെ വളര്‍ച്ചയെത്തിയ വാനിലക്ക് നല്ല പുതയാണ്.

താങ്ങും തണലും

വാനിലക്ക് പടര്‍ന്നുകയറാന്‍ താങ്ങുവേണം. അതിനാല്‍ പടര്‍ന്ന് കയറാന്‍ ഉചിതമായതാങ്ങുമരങ്ങള്‍ നട്ടുപിടിപ്പിക്കണം. വള്ളികളെ വെയിലിന്റെ കാഠിന്യത്തില്‍ നിന്ന് രക്ഷിക്കാനും ഭാഗികമായ തണല്‍ നല്‍കാനും ഇത് ഉപകരിക്കും. താങ്ങു മരച്ചില്ലകളുടെ ഇടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശത്തിന്റെ 50 ശതമാനം വാനിലയ്ക്ക് മതിയാകും. ശീമകൊന്നയാണ് കേരളത്തില്‍ പൊതുവെ വളര്‍ത്തുന്ന താങ്ങുമരം. കൂടാതെ മുള്ളില്ലാ മുരുക്ക്, ചെമ്പകം, മള്‍ബറി, കാട്ടാവണക്ക്, കാറ്റാടിമരം എന്നിവയും താങ്ങായി വളരുന്നു. ആറടി ഉയരവും കൈവണ്ണവുമുള്ള പൊക്കം അധികം വയ്ക്കാത്ത മരങ്ങളായാല്‍ നന്ന്. വാനില പടര്‍ത്താനുള്ള സൗകര്യത്തിനായി താങ്ങുമരത്തിന് നിലത്ത് നിന്ന് ഏകദേശം ഒന്നര മീറ്റര്‍ ഉയരമെത്തുമ്പോള്‍വളര്‍ച്ച ക്രമീകരിക്കേണ്ടതാണ്.തോട്ടമടിസ്ഥാനത്തില്‍ വാനില വളര്‍ത്തുമ്പോള്‍ താങ്ങുമരങ്ങള്‍ തമ്മില്‍ ഒന്നര മീറ്ററും നിരകള്‍ തമ്മില്‍ രണ്ടു മീറ്ററും അകലം ഉണ്ടായിരിക്കണം. വാനിലവള്ളി നടുന്നതിന് മൂന്നുമാസം മുമ്പെങ്കിലും കൊന്നക്കാലുകള്‍ നട്ടു വളര്‍ത്തണം.കൃത്യമായ അകലത്തില്‍ നട്ടിട്ടുള്ള തെങ്ങ്, കമുക് എന്നീ തോട്ടങ്ങളില്‍ ഇടവിളയായും വാനില വാനില വളര്‍ത്താം.വാനിലയുടെ പൂവിടലിന് തണല്‍ ക്രമീകരണം ആവശ്യമാണ്‌.താങ്ങു മരങ്ങളുടെ കൊമ്പുകോതലിലൂടെ മാത്രമേ ആവശ്യാനുസരണം തണലിന്റെ അളവ് കുറയ്ക്കാനും കൂട്ടാനും കഴിയുകയുള്ളൂ.

പൂവിടലും പരാഗണവും

വാനിലയില്‍ സ്വയമേ പരാഗണം നടക്കില്ല. ഓരോ പൂവ് വീതം കൃത്രിമ പരാഗണം നടത്തിക്കൊടുക്കണം.നീളം കൂടിയ തണ്ടുകളാണ് നടാനുപയോഗിച്ചതെങ്കില്‍ നട്ട് മൂന്നാം വര്‍ഷം വാനില പൂവിടാന്‍ തുടങ്ങും. സാധാരണഗതിയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വാനില വള്ളികളില്‍ പൂക്കളുണ്ടാകാറുള്ളൂ. പച്ച കലര്‍ന്ന മഞ്ഞ നിറമാണ് പൂക്കള്‍ക്ക്. സ്വയം പരാഗണത്തിന് യാതൊരു സാധ്യതയുമില്ലാത്ത വിധത്തിലാണ് ഈ പൂക്കളുടെ ആന്തരികഘടന. അതിനാല്‍ വാനിലയില്‍ കൃത്രിമ പരാഗണം കൂടിയേ തീരൂ.ഇലയുടെ മുട്ടുകളില്‍നിന്നാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. ഒരു കുലയില്‍ ഇരുപതോ അതിലേറെയോ പൂക്കളുണ്ടാകും. പൂവു വിരിയുന്ന അന്നു തന്നെ പരാഗണം നടത്തണം. കൈകളുപയോഗിച്ചാണ് കൃത്രിമ പരാഗണം നടത്തേണ്ടത്.

അഗ്രം കൂര്‍പ്പിച്ച മുളം തണ്ടോ,ഈര്‍ക്കിലോ വലതുകയ്യില്‍ പിടിച്ച് റോസ്റ്റല്ലം എന്ന ഭാഗം മുകളിലേക്ക് ഉയര്‍ത്തണം. പിന്നീട് ഇടതുകയ്യുടെ തള്ളവിരല്‍ ഉപയോഗിച്ച് പൂമ്പൊടിയറകള്‍ താഴേക്കമര്‍ത്തി സ്റ്റിഗ്മയിലേക്ക് മുട്ടിച്ച് പൂമ്പൊടി വീഴ്ത്തണം. ശരിയായി പരാഗണം നടക്കാത്ത പൂക്കള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊഴിഞ്ഞുപോകും. പരാഗണം നടത്തുമ്പോള്‍ കായയായി വളര്‍ന്ന് വരേണ്ടുന്ന ഭാഗത്ത് പോറലുകള്‍ വീഴാതെ ശ്രദ്ധിക്കണം. മഴയുള്ള ദിവസമാണെങ്കില്‍ മഴ കഴിഞ്ഞു വേണം പരാഗണം ചെയ്യുവാന്‍. രാവിലെ 6 മുതല്‍ഉച്ചയ്ക്ക് 12 മണി വരെയുള്ള സമയത്ത് പരാഗണം നടത്തുന്നതാണ് ഉത്തമം.

ഓരോ വള്ളിയിലും 18 മുതല്‍ 20 വരെ പൂങ്കുലകളും ഓരോ കുലയിലും ഇത്രയും തന്നെ പൂക്കളും കാണും. എങ്കിലും പൂങ്കുലയുടെ അടിഭാഗത്ത് വിടരുന്ന എട്ടോ പത്തോ പൂക്കള്‍ മാത്രമേ പരാഗണം നടത്തി കായ്കളാക്കി മാറ്റേണ്ടതുള്ളൂ.അതുപോലെ 10 മുതല്‍ 12 പൂങ്കുലകളിലേ പരാഗണം ചെയ്യേണ്ടതുള്ളൂ. എങ്കില്‍ മാത്രമെ നല്ല വണ്ണവും ഗുണവുമുള്ള കായ്കള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ.

സാധാരണയായി ഒരു പൂങ്കുലയില്‍ ഒരു ദിവസം ഒരു പൂവു മാത്രമേ വിടരുകയുള്ളൂ. മൂന്നാഴ്ചക്കാലത്തോളം വേണ്ടിവരും ഒരു കുലയിലെ എല്ലാ പൂക്കളും വിരിഞ്ഞുതീരുവാന്‍.പൂങ്കുലയില്‍ ആദ്യം വിരിയുന്ന പൂക്കള്‍ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ പരാഗണം ചെയ്യേണ്ടതുണ്ട്. ഇത് കായ്കള്‍ ഏതാണ്ട് ഒരേ കാലയളവില്‍ മൂക്കാന്‍ സഹായിക്കുന്നു.

ശരിയായ രീതിയില്‍ പരാഗണം നടന്നുകഴിഞ്ഞാല്‍ കായ്‌ അതിവേഗം നീളം വച്ചു തുടങ്ങും. ആഴ്ചയില്‍ ഏതാണ്ട് 2 സെ.മീ. എന്ന തോതില്‍ 6 മുതല്‍ 7 ആഴ്ചകൊണ്ട് വേണ്ടത്ര നീളവും വണ്ണവും വയ്ക്കും. പക്ഷേ 9 മുതല്‍ 11 മാസം വരെ വേണ്ടിവരും കായ്‌ പാകമാകാന്‍. ആറിഞ്ചിനു മേല്‍ നീളമുള്ള കായ്കളാണ് ഏറ്റവും നല്ലത്. ഇത്തരം അറുപതിലധികം കായ്കള്‍ മതിയാകും ഒരു കിലോ തൂങ്ങാന്‍.

Share Now

Leave a Reply

Your email address will not be published. Required fields are marked *