വിദേശ രാജ്യങ്ങളില്‍ മാത്രം ലഭിക്കുകയും കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയുമുള്ള പച്ചക്കറിയിനം കൃഷി ചെയ്ത് ബിഹാര്‍ സ്വദേശി, വൈറല്‍

വിദേശ രാജ്യങ്ങളില്‍ മാത്രം ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയിനം കൃഷി ചെയ്ത് ബിഹാര്‍ സ്വദേശി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. അമരേഷ് സിങ് എന്ന കര്‍ഷകനാണ് വിപണിയില്‍ ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള ‘ഹോപ് ഷോട്സ്’ എന്ന പച്ചക്കറി കൃഷി ചെയ്യുന്നത്. 

ഐ എ എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്.  ‘ഈ പച്ചക്കറിക്ക് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ്. ലോകത്ത് ഏറ്റവും വിലയുള്ള പച്ചക്കറി. ഇന്ത്യന്‍ കര്‍ഷകരെ തന്നെ ഇതു മാറ്റി മറിക്കും’ എന്നാണ് സുപ്രിയ സാഹു കുറിച്ചത്. 

പരീക്ഷണ അടിസ്ഥാനത്തിലാണ് ഔറംഗബാദ് ജില്ലയില്‍ അമരേഷ് ഹോപ് ഷോട്സ് കൃഷി ചെയ്യുന്നത്. വാരണാസിയിലെ ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടില്‍ നിന്നാണ് അമരേഷ് ഇതിന്റെ തൈകള്‍ വാങ്ങിയത്. ശാസ്ത്രജ്ഞന്‍ ഡോ. ലാലിന്റെ മേല്‍നോട്ടത്തിലായിരന്നു കൃഷി. നാല് മാസം മുന്‍പാണ് അമരേഷ് തൈ നട്ടത്. 

കൃഷി 60 ശതമാനവും വിജയകരമായിട്ടുണ്ടെന്നാണ് അമരേഷിന്റെ വാക്കുകള്‍. ഈ കൃഷിയിലൂടെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ നേടുന്നതിന്റെ പത്തിരട്ടി സമ്പാദിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുമെന്നും അമരേഷ് പറഞ്ഞു. കൃഷി വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഹാറിലെ കാര്‍ഷിക രംഗത്ത് ഇത് കാര്യമായ മാറ്റമുണ്ടാക്കുമെന്ന് കരുതുന്നതായും അമരേഷ് കൂട്ടിച്ചേര്‍ത്തു. 

ബ്രിടന്‍, ജര്‍മനി, തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്.  പ്രത്യേകമായി ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമെ ഹോപ് ഷോട്സ് വാങ്ങാനാകൂ. 

ചെടിയ്ക്ക് ഇത്രയും അധികം വില വരാന്‍ കാരണം ചെടിയുടെ എല്ലാം ഉപയോഗപ്രദമായതിനാലാണ്. പഴം, പൂവ്, തണ്ട് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. ക്ഷയ രോഗത്തിനുള്ള പ്രതിവിധി എന്ന നിലയിലും അത്യുത്തമമാണ്. ചെടിയില്‍ കാണപ്പെടുന്ന ആന്റി ഓക്സിഡന്റ് സൗന്ദര്യ വര്‍ദ്ധക വസ്തുവായും ഉപയോഗിക്കാറുണ്ട്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മര്‍ദ്ദം എന്നിവ നേരിടുന്നതിനുളള മരുന്ന് ഉണ്ടാക്കാനും ഹോപ് ഷോട്‌സ് ഉപയോഗിക്കുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *