വാഴക്കന്ന് തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ വരെ വാഴകൃഷി മികച്ചരീതിയിൽ ചെയ്യാം. ഉയരം കൂടുതലുള്ള സ്ഥലങ്ങളിൽ വളർച്ച കുറവായിരിക്കും എന്നുമാത്രം. വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില 25 ഡിഗ്രി സെൽഷ്യസ് ആണ്. നല്ല വളക്കൂറുള്ള മണ്ണും ആവശ്യത്തിന് ജലലഭ്യതയും ഉള്ള പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഉത്തമം. മഴയെ ആശ്രയിച്ച് ഏപ്രിൽ-മെയ് മാസങ്ങളിലും ജലസേചനസൗകര്യം ഉള്ളയിടങ്ങളിൽ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ വാഴ കൃഷി ചെയ്യാം. നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴകൃഷിക്ക് ഒട്ടും ഉചിതമല്ല.

നിലമൊരുക്കലും കന്ന് തെരഞ്ഞെടുക്കുന്ന രീതിയും

ഉഴുതോ കിളച്ചോ നിലം ഒരുക്കി കുഴികൾ ആദ്യം തയ്യാറാക്കുക. മണ്ണിൻറെ തരം, വാഴയിനം, ഭൂഗർഭജലനിരപ്പ് എന്നിവ അനുസരിച്ച് കുഴിയുടെ വലുപ്പം വ്യത്യാസപ്പെടും. പൊതുവേ 50*50*50 സെൻറീമീറ്റർ അളവിലുള്ള കുഴികളാണ് ശുപാർശ ചെയ്തിട്ടുള്ളത്.താഴ്ന്ന പ്രദേശങ്ങളിൽ കൂനകൂട്ടി വേണം കന്ന് നടുവാൻ. ഏറ്റവും ഉയർന്ന ജലനിരപ്പിൽ നിന്നും ഒരടിയെങ്കിലും പൊങ്ങി നിൽക്കുന്നത് ഉയരത്തിൽ വാരങ്ങളും കൂനകളും തയ്യാറാക്കണം.

വാഴ കൃഷിയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നല്ല കന്ന് തെരഞ്ഞെടുക്കൽ. മൂന്നോ നാലോ മാസം പ്രായമുള്ളതും മാണഭാഗത്തിന് ഏകദേശം 700 മുതൽ 1000 ഗ്രാം ഭാരവും 35 മുതൽ 40 സെൻറീമീറ്റർ ചുറ്റളവും ഉള്ളതായ ഇടത്തരം സൂചികന്നുകളാണ് നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂചി കന്നുകളെ പീലിക്കന്ന്, വാൾക്കന്ന് എന്നിങ്ങനെ പറയാറുണ്ട്. ഉയരം കുറഞ്ഞ വീതികൂടിയ ഇലകളുള്ള വെള്ള കന്നുകൾ കരുത്ത് കുറഞ്ഞവയായതിനാൽ നടാൻ അനുയോജ്യമല്ല. മികച്ച കുലകൾ തരുന്നതും രോഗകീടബാധ ഇല്ലാത്തതുമായ മാതൃവിളയിൽ നിന്നുവേണം കന്നുകൾ എടുക്കാൻ. നേന്ത്ര വാഴ നടുമ്പോൾ മാണത്തിന് മുകളിൽ 20 സെൻറീമീറ്റർ ശേഷിക്കത്തതക്കവണ്ണം കന്നിൻറെ മുകൾ ഭാഗം മുറിച്ചു കളയണം. അതോടൊപ്പം വേരുകളും വലുപ്പമേറിയ പാർശ്വമുഖങ്ങളും കേടുള്ള മാണഭാഗങ്ങളും നീക്കം ചെയ്യണം. അതിനുശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തിൽ തൈ മുക്കിയെടുത്തു നാലുദിവസം വെയിലത്ത് വച്ച് ഉണക്കണം ഇപ്രകാരം ഉണക്കിയ കന്നുകൾ 15 ദിവസത്തോളം തണലിൽ സൂക്ഷിക്കാം.

നേന്ത്രൻ ഒഴികെ മറ്റിനം വാഴകളുടെ കന്നുകൾ ഉണക്കേണ്ടത് ഇല്ല. മഴക്കാലത്താണ് നടുന്നതെങ്കിൽ വെള്ളമിറങ്ങി കന്നുകൾ ചീഞ്ഞു പോകാൻ സാധ്യതയുള്ളത് കൊണ്ട് മുറിക്കാൻ പാടുള്ളതല്ല. എന്നാൽ ഇലകൾ മുറിക്കുന്നതിൽ തെറ്റില്ല. വാഴയുടെ ഇനം അനുസരിച്ച് നടന്ന അകലവും വ്യത്യാസപ്പെടും. ഉയരം കൂടിയ വാഴകൾ കൂടുതൽ അകലത്തിലും ഉയരം കുറഞ്ഞ അടിപ്പിച്ചും നടുക

Share Now

Leave a Reply

Your email address will not be published. Required fields are marked *