കൃഷിചെയ്ത് വിളവെടുക്കാമെന്ന് മനുഷ്യന്‍ മനസ്സിലാക്കിയത് ഗോതമ്പിലൂടെയാണെന്ന് പറയപ്പെടുന്നു. പുതിയ കാര്‍ഷിക സംസ്‌കാരത്തിന് വിത്തുപാകിയ ഗോതമ്പ് കോടാനുകോടി ജനങ്ങളുടെ ഇഷ്ട ഭക്ഷ്യധാന്യമാണ്. 12,000 വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ മധ്യപൂര്‍വ്വേഷ്യയില്‍ ഉത്ഭവം ചെയ്ത ഗോതമ്പ് പിന്നീട് ലോകത്തെമ്പാടും വ്യാപകമായി.
ധാന്യങ്ങളില്‍ വച്ച് ഏറ്റവും നല്ലതും കൂടുതല്‍ പോഷകമൂല്യം ഉള്ളതും ഗോതമ്പാണ്. അന്നജത്തിന്റെ കലവറയാണ് ഗോതമ്പ്. അതുതന്നെയാണ് മുഖ്യ പോഷണവും. കൂടാതെ പ്രോട്ടീനും. വൈറ്റമിന്‍ ബി ധാരാളമുണ്ട്. ത…യാമിന്‍ (ബി1), റൈബോഫ്ലാവിന്‍ (ബി2), നിയാസിന്‍ (ബി32), പാന്റോത്തനിക് ആസിഡ് (ബി5), പിരിഡോക്‌സിന്‍ (ബി6) എന്നിവയെല്ലാം ഗോതമ്പില്‍നിന്ന് കിട്ടുന്നു. ധാതുക്കളും കുറവല്ല. മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, ഇരുമ്പ്, പൊട്ടാസ്യം, സെലിനിയം തുടങ്ങിയവയും ഗോതമ്പിലുണ്ട്. ഗോതമ്പില്‍ 1.9 ശതമാനം നാരുകളുണ്ട്. ആരോഗ്യസംരക്ഷണത്തില്‍ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഫൈറ്റോകെമിക്കലുകളുടെ സാന്നിധ്യവും ഗോതമ്പിന്റെ മേന്മ കൂട്ടുന്നു.
അഷ്ടാംഗഹൃദയത്തില്‍ ഗോതമ്പിന്റെ ഗുണങ്ങളും മേന്മകളും പറയുന്നുണ്ട്. ശരീരത്തിന് ഉറപ്പു നല്‍കുന്നതിനോടൊപ്പം ശരീരപുഷ്ടിക്കും ആന്തരീകവും ബാഹ്യവുമായ മുറിവുണക്കാനും ഗോതമ്പിനു കഴിവുണ്ട്. വാതപിത്തങ്ങളെ ശമിപ്പിക്കും, മലബന്ധം ഇല്ലാതാക്കും. ലൈംഗിക ശേഷിയും വര്‍ധിപ്പിക്കുന്നു.
അരിയെ അപേക്ഷിച്ച് ഗോതമ്പാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്. കാരണം ഗോതമ്പിന്റെ ദഹനവും പോഷകാഗിരണവും സാവധാനത്തില്‍ നടക്കുന്നതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരുന്നില്ല. അരിയിലുള്ളതിനേക്കാള്‍ നാരും പ്രോട്ടീനും ഗോതമ്പില്‍ കൂടുതലാണ്. അതിനാല്‍ അരിയെ അപേക്ഷിച്ച് കുറച്ചു കഴിച്ചാല്‍ മതി.
ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണമായ ബ്രഡ്ഡ്, നമുക്ക് പരിചിതമായ മറ്റു വിഭവങ്ങളായി ചപ്പാത്തി, പൂരി തുടങ്ങിയവും.തവിടും നാരും കളയാത്ത ഗോതമ്പാണ് കഴിക്കേണ്ടത്. ഇത്തരം ഗോതമ്പുകൊണ്ടുണ്ടാക്കിയ ആഹാരസാധനങ്ങളാണ് ആരോഗ്യപ്രദവും.
ഗോതമ്പില്‍ നിന്ന് ഉണ്ടാക്കുന്ന മൈദ ഗോതമ്പിന്റെ നേര്‍ വിപരീതമാണെന്ന് പറയാം. മൈദക്ക് ഗോതമ്പിന്റെ യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല ദോഷങ്ങള്‍ ഏറെ ഉണ്ടുതാനും. ഗോതമ്പിലെ തവിടും വൈറ്റമിനുകളും ധാതുക്കളും നാരും എല്ലാം കളഞ്ഞ് വളരെ കുറഞ്ഞതോതിലുള്ള പ്രോട്ടീനും അന്നജവും മാത്രമാണ് മൈദയിലുള്ളത്. സംസ്‌കരണവേളയില്‍ കൃത്രിമ രാസവസ്തുക്കള്‍ ഗോതമ്പില്‍ കടന്നുകൂടുന്നുമുണ്ട്.
മൈദയുടെ അപകടവശങ്ങളെക്കുറിച്ച്, പൂര്‍ണ്ണമായും മൈദ മാത്രമായ പൊറോട്ടയുടെ പ്രിയരായ മലയാളികള്‍ ഒട്ടും ബോധവാന്മാരല്ല എന്നതാണ് സത്യം. കൂടാതെ ഐസ്‌ക്രീം, കേക്കുകള്‍, സമൂസ, പഫ്‌സ്, പലതരം ബേക്കറി പലഹാരങ്ങള്‍ എന്നിവയിലെല്ലാം മൈദ ഉപയോഗിക്കുന്നുണ്ട്.