പുതിനയിലയിലും മല്ലിയിലയും വീട്ടിലുണ്ടെങ്കിൽ ആരോഗ്യത്തിനും രുചിയ്‌ക്കും പിന്നെ മറ്റൊന്നും വേണ്ട

കറിവേപ്പില തന്റെ ഗുണങ്ങളെക്കുറിച്ച് വാചാലയായി പുസ്തകതാളുകളിൽ ഇടം നേടാറുണ്ടെങ്കിലും പൊതുവെ മടിയിൽ തൂങ്ങി അടുക്കളവാതിയിൽ പതുങ്ങി നിൽക്കുന്ന മല്ലിയിലയും പുതിനയും പോലെ മറ്റ് ചിലരും കൂടിയുണ്ടെന്നത് പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. ഇന്ന് അവരെക്കുറിച്ചുള്ള വിശേഷങ്ങളാണ്…

നമ്മുടെ കുട്ടിക്കാലത്തിന് ഒരു ഗന്ധമുണ്ട്, സ്‌കൂൾ കാലത്തിനും കോളേജ് കാലത്തിനും അമ്മയ്‌ക്കും അച്ഛ‌നും അടക്കം പ്രിയപ്പെട്ട വർക്കെല്ലാം ഗന്ധമുണ്ട്. ഇഷ്ടപ്പെട്ടൊരുഭക്ഷണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആ ഭക്ഷത്തിന്റെ ഗന്ധം കാറ്റിലൂടെ നമ്മുടെ രസനങ്ങളെ തൊട്ടു തലോടി പോകാറുണ്ട്. അപ്പോൾ ഗന്ധത്തിന് ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ടെന്നർത്ഥം. അടുക്കളയിലെ ഗന്ധവാഹിനികളാണ് മസാല കൂട്ടുകളും ചില പച്ചിലകളും. പലപ്പോഴും കറിവേപ്പില തന്റെ ഗുണങ്ങളെക്കുറിച്ച് വാചാലയായി പുസ്തകതാളുകളിൽ ഇടം നേടാറുണ്ടെങ്കിലും പൊതുവെ മടിയിൽ തൂങ്ങി അടുക്കളവാതിയിൽ പതുങ്ങി നിൽക്കുന്ന മല്ലിയിലയും പുതിനയും പോലെ മറ്റ് ചിലരും കൂടിയുണ്ടെന്നത് പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. ഇന്ന് അവരെക്കുറിച്ചുള്ള വിശേഷങ്ങളാണ്.

മല്ലിയില

 • പലതരം കറികൾക്കും അത്യാവശ്യമായ ഒന്നാണ് മല്ലിയില. ഇതിന്റെ ഇലപോലെതന്നെ വേരിനും നല്ല മണമാണ്.
 • മിക്ക കറികൾക്കും നമ്മൾ മല്ലിയില ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ സി, കെ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും മല്ലിയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മല്ലിയില.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ (എൽടിഎൽ) അകറ്റി നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില.
 • ദഹനസംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും മല്ലിയില വളരെ സഹായകമാണ്.
 • പ്രമേഹരോഗികൾ നിർബന്ധമായും ദിവസവും മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും.
 • വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അൾഷിമേഴ്‌സ് തടയാൻ ഏറ്റവും നല്ലതാണ് മല്ലിയില.
 • ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ വളരെ നല്ലതാണ് മല്ലിയില.
 • വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് മല്ലിയില. സന്ധിവാതത്തിൽ നിന്നു സംരക്ഷണം നൽകാനും വായിലുണ്ടാകുന്ന വ്രണങ്ങൾ ഉണങ്ങാനും മല്ലിയില സഹായിക്കും.
 • കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില.
 • ചെങ്കണ്ണ് തടയാൻ മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും.
 • ആർത്തവസമയത്തെ വേദന അകറ്റാൻ മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. നാഡീവ്യൂഹപ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമശക്തി വർദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.
 • മല്ലിയിലയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ സഹായിക്കും.
 • മല്ലിയില കൃഷി ചെയ്‌താലോ!വീട്ടിൽ തന്നെ ബുദ്ധിമുട്ടില്ലാതെ വളർത്താൻ പറ്റുന്നതാണ് മല്ലിയില. എങ്കിലും മിക്കവരും ഇത് കടയിൽ നിന്നു വാങ്ങുകയാണ്. അയൽനാട്ടിൽനിന്ന് എത്തിക്കുന്ന ഇവ വാടിയതും പഴകിയതുമായിരിക്കും. മല്ലിയുടെ യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെടുത്ത് ഉപയോഗിക്കണം.നടാൻ പറ്റിയ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ മല്ലിചെടിക്ക് വേണ്ടി അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മണ്ണ് നന്നായി ഒരുക്കിയതിനു ശേഷം വേണം വിത്ത് പാകാൻ. മണ്ണിൽ ചാണകം, പച്ചില എന്നിവ അടിവളമായി നൽകാം. മുമ്പ് രാസവളം ഉപയോഗിച്ച മണ്ണ് ആണെങ്കിൽ കുറച്ച് കുമ്മായം ചേർക്കാം.
 • വിത്തു നടൽവിത്തു മുളയ്ക്കാൻ ധാരാളം ഈർപ്പം വേണം. മുളയ്ക്കാൻ രണ്ടാഴ്ച മുതൽ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിർത്തതിന് ശേഷം നടുന്നതാണ് നല്ലത്. മണ്ണിൽ വിത്ത് ഇടാൻ പാകത്തിന് കാൽ ഇഞ്ച് വലിപ്പത്തിൽ ചെറിയ കുഴിയുണ്ടാക്കി ആറിഞ്ച് അകലത്തിൽ വേണം വിത്ത് പാകാൻ. വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം.
 • വളപ്രയോഗംമുളച്ചു രണ്ടിഞ്ച് ഉയരം വന്നാൽ വളപ്രയോഗം തുടങ്ങാം. ചാണകം വെള്ളത്തിൽ നേർപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതാണ് നല്ലത്. നൈട്രജൻ വളങ്ങളും ഉപയോഗിക്കാം. ചെടി വലുതായാൽ നന കുറയ്ക്കുന്നതാണ് നല്ലത്. ചെടികൾ കൂട്ടംകൂടി വളരാൻ അനുവദിക്കരുത്. കള വളരെ ചെറുതായിരിക്കുമ്പോൾ തന്നെ പറിച്ചു കളയുന്നതാണ് നല്ലത്.
 • വിളവെടുപ്പ്
 • ചെടി നാലോ അഞ്ചോ ഇഞ്ച് ഉയരം വെച്ചാൽ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളിയെടുക്കാം. ചെടിയുടെ മൂന്നിൽ രണ്ടു ഭഗത്തിൽ കൂടുതൽ ഇലകൾ ഒരേസമയം നുള്ളരുത്. അങ്ങനെ ചെയ്താൽ ചെടിയുടെ വളർച്ച മുരടിക്കും. ഇലയുടെ മണം കാരണം കീടശല്യം കുറവായിരിക്കും. ഒരിയ്ക്കൽ ഇല നുള്ളിയാൽ വീണ്ടും ഇലകൾ കിളിർക്കും. രണ്ടു മൂന്ന് ആഴ്ച കൂടുമ്പോൾ ഇല നുള്ളാം. പൂവിട്ടാൽ ഇലകൾ ഉണ്ടാകുന്നത് നിൽക്കും. എന്നാൽ പൂവ് നുള്ളിക്കളഞ്ഞാൽ വിണ്ടും ഇലകൾ ഉണ്ടാകും. അണുബാധ ഉണ്ടാകുന്ന ഇലകൾ അപ്പോൾ തന്നെ ചെടിയിൽ നിന്നും നീക്കണം. വിത്ത് ശേഖരിക്കണം എങ്കിൽ അതിനുള്ളത് ഇല നുള്ളാതെ പൂക്കുവാൻ അനുവദിക്കണം.

പുതിനയില

ബിരിയാണിയിലും കറികളിലും മറ്റും മേമ്പൊടിയായി മാത്രം ഉപയോഗിച്ചു ശീലിച്ച പുതിന അവിടെ മാത്രം ഒതുക്കപ്പെടേണ്ട ആളല്ല. ആന്റി സെപ്റ്റിക്ക് ഗുണങ്ങളോടു കൂടിയ പുതിന വയറിന്റെ അസ്വസ്ഥതകൾക്കു പേരുകേട്ട ഔഷധമാണ്. എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പുതിന. തുളസിയോളം പ്രാധാന്യമുള്ള ഒരു ഔഷധ ചെടിയാണ് പുതിന. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്. പുതിനയില കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

 • പുതിനയില കഴിച്ചാൽ ഗർഭകാലഛർദ്ദിക്ക് അൽപം ശമനം കിട്ടും.
 • ചെറുനാരങ്ങാനീരും പുതിനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാൽ ശമിക്കാൻ നല്ലതാണ്. തലവേദന മാറാൻ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യും.
 • പല്ലുവേദനയ്ക്ക് പുതിനനീര് പഞ്ഞിയിൽ മുക്കി വെച്ചാൽ വേദന മാറും.
 • ശരീരത്തിൽ ചതവുപറ്റുകയോ വ്രണങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പുതിനനീരും വെളിച്ചെണ്ണയും ചേർത്ത് പുറമെ പുരട്ടിയാൽ ഗുണം ചെയ്യും.
 • പുതിനയിലയിട്ട വെള്ളം കുടിച്ചാൽ ജലദോഷം മൂക്കടപ്പ്, പനി എന്നിവ വരാതിരിക്കും.
 • പല്ലിനെ ശുദ്ധീകരിക്കുവാൻ പുതിനയില കഴിക്കുന്നത് ഗുണം ചെയ്യും.
 • വായ്‌നാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതിനും പുതിനയില മികവുറ്റ ഒന്നാണ്.
 • പുതിനയില ഇട്ട വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ശരീരത്തെ അണുനശിക്കാൻ ഏറെ നല്ലതാണ്.
 • വിണ്ടുകീറിയ പാദങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിനയില ഏറെ നല്ലതാണ്.
 • പുതിനയില ഉപയോഗിച്ച് വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികൾ മാറ്റാം.
 • മുഖത്ത് കറുത്തപുള്ളികൾ ഉള്ള ഭാഗത്ത് പുതിനയില പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാൽ കാലക്രമേണ കറുത്തപുള്ളികൾ പൂർണ്ണമായും മാറികിട്ടും.

വീട്ടുമുറ്റത്തൊരു പുതിനതൊട്ടം

അടുക്കളയ്ക്ക് പുറത്ത് ഒരു ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ പുതിനചെടി. നല്ല വെയിലും വെള്ളവും ഉറപ്പാക്കിയാൽ തഴച്ചു വളരും. കടകളിൽ നിന്നു വാങ്ങുമ്പോൾ ചെറുതും ഫ്രഷ് ആയതുമായ ഇളം ഇലകൾ തിരഞ്ഞെടുക്കുക. വെള്ളത്തിലിട്ട് ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ മൂന്നു ദിവസം വരെ ഫ്രഷ്‌നസ് നിലനിൽക്കും.

പുതിനയില കൃഷിചെയ്യുന്നതിനായി കടയിൽ നിന്ന് വാങ്ങിയ പുതിനയില ഫ്രിഡ്‌ജിൽ വയ്‌ക്കുന്നതിന് മുമ്പ് അത്യാവശ്യം പുഷ്ടിയുള്ള തണ്ടുകൾ എടുത്ത് നടാനായി മാറ്റിവയ്ക്കുക. ഒരു ബോട്ടിലിന്റെ അടപ്പിൽ സുഷിരമിട്ട് അതിലൂടെ പുതിനത്തണ്ടുകൾ അകത്തേക്ക് ഇറക്കി വയ്‌ക്കുക. ബോട്ടിലിൽ വെള്ളമുണ്ടായിരിക്കണം. രണ്ടാഴ്ച കഴിയുമ്പോൾ വേരുകളും ഇലകളും വന്നു തുടങ്ങും. അതിനുശേഷം മണ്ണിൽ നട്ടാൽ പുതിന നന്നായി വളരും.ആറു മണിക്കൂർ സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ജനലരികിലോ ബാൽക്കണിയിലോ പുതിനയില വളർത്താം. ഒഴിഞ്ഞ പെയിന്റ് ബക്കറ്റിലും ഗ്രോബാഗിലും മിനറൽ വാട്ടർബോട്ടിലിലും പുതിന നടാം. ഇതിൽ നടീൽ മിശ്രിതം നിറച്ച ശേഷം കമ്പ് കുത്തിവയ്ക്കുക. ചകിരിച്ചോർ പാക്കറ്റിൽ വാങ്ങാൻ കിട്ടും. മണ്ണും ചകിരിച്ചോറും പച്ചിലവളമോ ചാണകമോ ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കാം. 1:1:1 എന്ന അനുപാതത്തിൽ വേണം മിശ്രിതം നിറയ്ക്കാൻ. ചെറുതായി നനയ്ക്കുക. കൂടുതൽ നനച്ചാൽ ചീഞ്ഞു പോകും. ഒരു പാത്രത്തിൽ എത്ര കമ്പ് വേണമെന്ന് ആലോചിച്ച് ചെടികൾക്ക് വളരാനുള്ള സ്ഥലം കിട്ടത്തക്ക രീതിയിൽ വേണം പുതിന നടാൻ.

Share Now

Leave a Reply

Your email address will not be published. Required fields are marked *