കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കി സെറികള്‍ച്ചര്‍ കൃഷി ഊര്‍ജിതമാകുന്നു. നിലവില്‍ ഒരേക്കറോ അതില്‍ കൂടുതലോ സ്ഥലത്ത് മള്‍ബറി കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് മാസം ഏകദേശം 50,000 മുതല്‍ 60,000 രൂപ വരെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. സില്‍ക്ക് ഉത്പാദനത്തിനായി പട്ടുനൂല്‍പുഴുവിനെ വളര്‍ത്തി അവയില്‍ നിന്നും കൊക്കൂണ്‍ ശേഖരിക്കുന്ന കൃഷി രീതിയാണ് സെറികള്‍ച്ചര്‍. 25 ഡിഗ്രി മുതല്‍ 27 ഡിഗ്രി വരെയുള്ള കാലാവസ്ഥയാണ് സെറി കള്‍ച്ചറിന് അനുയോജ്യം. വയനാടിന് പുറമെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളും സെറികള്‍ച്ചര്‍ കൃഷിക്ക് യോജിച്ചതാണ്.
ഗ്രാമ വികസന വകുപ്പ് മുഖേന സെറികള്‍ച്ചറിനെ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുവാനുള്ള പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. മികച്ച വരുമാനം കണ്ടെത്തുന്നതിനുള്ള പുതുവഴിയാണ് കര്‍ഷകര്‍ക്ക് സെറി കള്‍ച്ചര്‍. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനു കീഴില്‍ സെറികള്‍ച്ചര്‍ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക സെല്‍ തന്നെ പ്രവർത്തിക്കുന്നുണ്ട്.
പട്ടുനൂല്‍പുഴു കൃഷിക്ക് കുറഞ്ഞത് ഒരേക്കര്‍ സഥലത്ത് മള്‍ബറിച്ചെടി വളര്‍ത്തേണ്ടതുണ്ട്. ഏകദേശം നാല്‍പത് മുതല്‍ നാല്‍പ്പത്തിയഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മള്‍ബറിച്ചെടികള്‍ പാകമാകും. വളര്‍ച്ചയെത്തിയ മള്ബറിയിലയാണ് പട്ടുനൂല്‍ പുഴുക്കളുടെ ആഹാരം.
കൃഷി തുടങ്ങി 22 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാമെന്ന പ്രത്യേകതയും സെറികള്‍ച്ചറിനുണ്ട്. പട്ടുനൂല്‍പ്പുഴുക്കളില്‍ നിന്ന് ലഭിക്കുന്ന കൊക്കൂണുകളാണ് വിപണനത്തിനുപയോഗിക്കുന്നത്. നിലവില്‍ ജില്ലയിലെ കൊക്കൂണുകളുടെ വിപണന കേന്ദ്രം ഇല്ലാത്തതിനാല്‍ തൊട്ടടുത്ത വിപണിയായ കര്‍ണ്ണാടകയെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. വാഹന സൗകര്യം ഉള്ളതിനാല്‍ കൊക്കൂണ്‍ വിപണിയിലെത്തിക്കാനും ചിലവ് കുറവാണ്.
കൊക്കൂണുകള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചാണ് പട്ടുനൂല്‍ ഉത്്പാദിക്കുന്നത്. പട്ടുനൂല്‍ നിര്‍മ്മിക്കുന്നവര്‍ ചന്തയില്‍ നിന്നും കൊക്കൂണുകള്‍ ലേലത്തിനെടുക്കുകയാണ് പതിവ്. കൊക്കൂണിന്റെ ഗുണനിലവാരം പരിശോധിച്ച് കേന്ദ്ര സില്‍ക്ക് ബോര്‍ഡ് ഒരു സ്ഥിര വിലയും നിശ്ചയിച്ചിട്ടുണ്ട്. കച്ചവടസമയത്ത് സിൽക്ക് ബോർഡ് നിശ്ചയിച്ച വിലക്ക് മുകളിലാണ് ലേലം പോവുക. ഇതു കര്‍ഷകര്‍ക്കും വലിയ അനുഗ്രഹമാണ്
സെറികള്‍ച്ചറില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്ന് എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാണ്. ഒരേക്കറില്‍ കുറയാതെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് സെറികള്‍ച്ചര്‍ കൃഷിക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമ വികസന വകുപ്പിനു കീഴിലെ സെറികള്‍ച്ചര്‍ സെല്ലില്‍ അപേക്ഷിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്ഥലം പരിശോധിക്കുകയും മള്‍ബറി കൃഷിക്ക് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. ചിലവ് കുറവായതിനാലും കുറഞ്ഞ കാലയളവില്‍ വിളവ് ലഭിക്കുന്നതിനാലും സെറികള്‍ച്ചറിന് കര്‍ഷകര്‍ക്കിടയിലും പ്രചാരം വര്‍ദ്ധിച്ചിട്ടുണ്ട്.