പൂക്കളെന്തിന് പൂന്തോട്ടത്തിന്? വീട്ടിനകത്തും പുറത്തും ഇത് പരീക്ഷിക്കൂ

വർണാഭമായ പൂക്കൾ പൂത്തുതളിർത്ത് നിൽക്കുന്ന പൂന്തോട്ടമാണ് കാഴ്ചയ്ക്ക് മനോഹരം. എന്നാൽ പൂക്കളില്ലാതെ പൂന്തോട്ടമൊരുക്കാമോ എന്ന് ചോദിച്ചാൽ അതെ എന്ന് ഉറപ്പിച്ച് പറയാം. ചിത്രങ്ങൾ കൊത്തിവച്ച, നിറങ്ങൾ പൂശിയ ഇലകളുള്ള ചെടികളിലൂടെ മനോഹരമായ പൂന്തോട്ടമൊരുക്കാം. വീടിനുള്ളിലും പുറത്തും ഒരു പോലെ വളർത്താൻ കഴിയുന്ന ഇത്തരം ചെടികൾ വളരെ സുലഭമായി ലഭിക്കുന്നവയാണ്.

പൂക്കളില്ലാതെ തന്നെ വീട്ടിനകത്തും പുറത്തും പൂന്തോട്ടം നിർമിക്കാനുള്ള ഈ ചെടികൾക്ക് വിപണിയിൽ നല്ല ഡിമാൻഡുമുണ്ട്. ഇതുപോലെ വർണാഭമായ പൂന്തോട്ടം തയ്യാറാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് സഹായിക്കുന്ന കുറച്ച് ചെടികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1.കോളിയസ് (Coleus-plant)

മലയാളിയ്ക്ക് പുതുമയുള്ള ചെടിയല്ല കോളിയസ്. പല പല നിറത്തിൽ ഇലകളുള്ള ഈ ചെടിയെ നമ്മൾ കണ്ണാടിച്ചെടി, മാസം മാറി എന്നിങ്ങനെയുള്ള പേരുകളിൽ വിളിക്കാറുണ്ട്. സൂര്യ പ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്ത് നട്ടാൽ ഈ ചെടികൾക്ക് കൂടുതൽ ഭംഗിയുള്ള നിറം ലഭിക്കും. എന്നിരുന്നാലും വെയിലിലും തണലിലും ഇത് ഒരുപോലെ വളർത്താൻ കഴിയുന്ന സസ്യമാണ്.

2. മണി പ്ലാന്റ് (Devil’s ivy)

വീടുകളുടെ അകത്ത് വരെ വളർത്താവുന്ന ഇൻഡോർ ചെടിയാണ് മണി പ്ലാന്റ്. വീടിന് ഐശ്വര്യവും സമ്പത്തും തരുമെന്ന് ഫെങ്‌ഷൂയി വിശ്വാസമുണ്ട്. വളരെ വേഗം ഇവ വളർത്താൻ കഴിയുമെന്നൊരു പ്രത്യേകതയുമുണ്ട്. കുറഞ്ഞ പരിചരണത്തിൽ വെള്ളത്തിൽ വരെ ഇവ വളർത്തിയെടുക്കാവുന്നതാണ്. അതായത്, ഇതിന്റെ തണ്ടുകൾ വെള്ളത്തിലിട്ടോ അല്ലെങ്കിൽ മണ്ണിലോ വളർത്തിയെടുക്കാം.

3. അഗ്ളോണിമ (Aglaonema plant)

പച്ചയും ചുവപ്പും കലർന്ന് ഒരു ചെടിയിൽ തന്നെ വൈവിധ്യ നിറങ്ങൾ കാണാമെന്നതാണ് അഗ്ളോണിമയുടെ പ്രത്യേകത. പച്ചയും ചുവപ്പും കൂടാതെ, വേറെയും വർണങ്ങളിൽ ഇവയെ കാണാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഈ ചെടി വളർത്തിയെടുക്കുന്നതെങ്കിൽ നല്ല ഭംഗിയുള്ള ഇലയുണ്ടാകും. ചെടിച്ചട്ടിയിൽ വീടിനകത്ത് വരെ പരിപാലിക്കുന്ന ഇലസസ്യമാണ് അഗ്ളോണിമ.
വലിയ പരിചരണം വേണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒരു വർഷമോ രണ്ട് വർഷമോ കഴിഞ്ഞ ഇത് മറ്റൊരു ചെടിച്ചട്ടിയിലേയ്ക്ക് മാറ്റാം. ഈ സമയത്ത് വളപ്രയോഗവും നടത്താം. വാടിയ ഇലകൾ മുറിച്ചു മാറ്റിയും ഇവയെ പരിപാലിക്കാം.

4. വാൻഡറിങ് ജ്യൂ (Wandering-jew)

അകത്തളങ്ങളിലും പൂന്തോട്ടത്തിലും വച്ച് വളർത്താവുന്ന ചെടിയാണ് വാൻഡറിങ് ജ്യൂ. വെള്ളത്തിൽ ഇവയുടെ ശിഖരങ്ങളിട്ടും വളർത്തിയെടുക്കാം. പർപ്പിൾ കളറിലുള്ള ഇലകളാണ് ഇവയ്ക്ക്.

5. സ്പൈഡർ പ്ലാന്റ് (spider-plant or spider ivy)

ഇൻഡോർ ചെടിയായ സ്പൈഡർ പ്ലാന്റ് അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്നും പറയുന്നു. പച്ചയും വെള്ളയും കലർന്ന നിറത്തിലുള്ള നീളമുള്ള ചെടികളാണ് ഇവ. ചെടിയുടെ ചെറിയ കട്ടിങ്ങുകൾ വെള്ളത്തിലിട്ട് ഇവ വളർത്തിയെടുക്കാം.

6. സർപ്പപ്പോള (snake-plant)

സർപ്പപ്പോളയെന്നും സ്നേക്ക് പ്ലാന്റെന്നും അറിയപ്പെടുന്ന ഈ ചെടിയുടെ ഇലകൾക്ക് നീണ്ട വാൾ ആകൃതിയാണുള്ളത്. ഒരുപാട് നാൾ കേടുകൂടാതെ വളരുന്ന ചെടിയാണിത്. സെയിന്റ് ജോർജിന്റെ നാവ്, അമ്മായിയമ്മയുടെ നാവ് എന്നും സർപ്പപ്പോള അറിയപ്പെടുന്നു. ഈ ചെടിയുടെ ഇലകൾ വെള്ളത്തിലിട്ട് വച്ചാണ് പുതിയ തൈകൾ വളർത്തിയെടുക്കുന്നത്.

Share Now

Leave a Reply

Your email address will not be published. Required fields are marked *