വുസുവ’ ഇത് പാല്‍പ്പഴം(മിൽക്ക് ഫ്രൂട്ട്)

വുസുവ‘ -വിയറ്റ്‌നാമില്‍ പ്രചാരത്തിലുള്ള പദം; അര്‍ഥം ‘മുലപ്പാല്‍’.* പോഷകപ്രദവും പ്രകൃതിദത്തവുമായ പാല്‍ചുരത്തുന്ന പഴം എന്നര്‍ഥത്തിലാണ് മില്‍ക്ക് ഫ്രൂട്ടിനെ വിയറ്റ്‌നാം നിവാസികള്‍ ‘വു സുവ’ എന്നു വിളിക്കുന്നത്.

പര്‍പ്പിള്‍ നിറത്തിലുള്ള പഴത്തിനുള്ളില്‍ നിന്ന് സാക്ഷാല്‍ പാല്‍ പോലെ വെളുത്ത കാമ്പും ദ്രാവകവും ചുരത്തുന്ന മില്‍ക്ക് ഫ്രൂട്ട് ഉഷ്ണമേഖലാ ഫലവൃക്ഷമാണ്. നമുക്ക് സുപരിചിതനായ സപ്പോട്ടയുടെ കുടുംബക്കാരന്‍.

ഏഷ്യന്‍ ഉഷ്ണമേഖലാ പ്രദേശങ്ങള്‍, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെല്ലാം പാല്‍പ്പഴം വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നു.

ആകര്‍ഷകമായ ഇലത്തഴപ്പുമായി 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ഫലവൃക്ഷത്തിന്റെ മഹത്ത്വം യഥാര്‍ഥത്തില്‍ അധികം പേര്‍ക്കും അറിയില്ല എന്നതാണ്‌വാസ്തവം.

ഇതിന്റെ ഇലകള്‍ക്ക് മുകള്‍ ഭാഗത്ത് പച്ചനിറവും അടിവശത്ത് പട്ടുപോലെ സ്വര്‍ണനിറവുമാണ്. പുറംതൊലിക്ക് പര്‍പ്പിള്‍ നിറം. പഴത്തിനുള്ളില്‍ നക്ഷത്ര രൂപം വ്യക്തമായി കാണാം. ഉള്‍ക്കാമ്പില്‍ പ്രകൃതി കൊത്തിയ ഈ നക്ഷത്ര ഡിസൈന്‍ നിമിത്തം പാല്‍പ്പഴത്തിന് ‘സ്റ്റാര്‍ ആപ്പിള്‍’ എന്നും ഓമനപ്പേരുണ്ട്.

പഴത്തൊലിയില്‍ കറ (ലാറ്റക്‌സ്)യുണ്ട്. ഉള്‍ഭാഗത്ത് വിത്തിന് തവിട്ട് നിറവും സാമാന്യം ദൃഢതയും. *പാല്‍പ്പഴമരം വര്‍ഷം മുഴുവനും കായ്തരും; പ്രത്യേകിച്ച് വളര്‍ന്ന് ഏഴു വര്‍ഷം കഴിഞ്ഞാല്‍.*

**ഒട്ടുതൈകളും പതിത്തൈകളും നട്ടാണ് കൃഷി.* വിത്തുതൈകള്‍ കായ്പിടിക്കാന്‍ ഏറെ വൈകും എന്നതിനാല്‍ പലര്‍ക്കും വിത്തുതൈകളോട് അത്രപ്രിയം പോരാ. തൈകള്‍ക്ക് വേരോടിക്കിട്ടിയാല്‍ പിന്നെ വളര്‍ച്ച തടസ്സപ്പെടില്ല.

ക്ഷാരസ്വഭാവമുള്ള മണ്ണിനോട് ഈ ചെടിക്ക് പ്രത്യേക പ്രതിപത്തിയുണ്ട്. തൈകള്‍ക്ക് ആദ്യവര്‍ഷം നന നിര്‍ബന്ധം; തുടര്‍ന്ന് നിര്‍ബന്ധമില്ല.

ജൈവ-രാസവള പ്രയോഗത്തോട് പാല്‍പ്പഴമരം തുല്യമായി പ്രതികരിക്കും.

രാസവളമിശ്രിതം, വളര്‍ച്ചയുടെ ആദ്യവര്‍ഷം മൂന്നുമാസത്തിലൊരിക്കല്‍ ഒരു ചെടിക്ക് 100 ഗ്രാം വീതം നല്‍കാം. ഇത് കുറേശ്ശെ വര്‍ധിപ്പിച്ച് വളര്‍ച്ചയെത്തിയ ഒരു മരത്തിന് 400-500 ഗ്രാം വരെയാകാം. തടത്തില്‍ പുതയിടാം. അതും 30 സെ.മീ. കനത്തില്‍. കൊമ്പുകോതി മരത്തിന്റെ വളര്‍ച്ച നിയന്ത്രിക്കാം. പ്രത്യേകിച്ച് ആദ്യരണ്ടുമൂന്നു വര്‍ഷം ഒരു മരത്തില്‍ പരമാവധി അഞ്ചു മുഖ്യശിഖരങ്ങളേ വേണ്ടൂ.

പാകമായ പഴങ്ങള്‍ പഴുത്തുപൊഴിയുന്ന പതിവ് ഇതിലില്ല.

*വിളഞ്ഞവ ഞെട്ടുചേര്‍ത്തു മുറിക്കുക തന്നെവേണം. പാകത്തിന് മൂത്തില്ലെങ്കില്‍ കറകാണും എന്നോര്‍ക്കുക.* നന്നായി പഴുത്ത കായയുടെ തൊലിക്ക് നിറം മങ്ങിയിരിക്കും; ഞൊറിവുകളും കാണും. തൊട്ടാല്‍ മൃദുവാകും.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഫിബ്രവരി മുതല്‍ മാര്‍ച്ച്‌വരെയാണ് സീസണ്‍. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരുമരം 60 കിലോ വരെ പഴം തരും. പഴുത്ത പഴം മൂന്നാഴ്ച വരെ കേടാകാതെയുമിരിക്കും.

മരത്തില്‍ നിന്ന് വിളയുന്ന പഴങ്ങള്‍ കൊത്താന്‍ കിളികളും അണ്ണാറക്കണ്ണന്മാരും എത്തും; *രക്ഷയ്ക്ക് മരം തന്നെ വലയിട്ടുമൂടുകയേ തരമുള്ളൂ.*

പഴം തോലുപൊളിച്ച് ഉള്‍ക്കാമ്പ് തണുപ്പിച്ചും കഴിക്കാം. മാമ്പഴം, കൈതച്ചക്ക എന്നിവയുമായി ചേര്‍ത്താല്‍ നല്ല ഫ്രൂട്ട്‌സാലഡ് തയ്യാറാക്കാം.

പഴത്തിന്റെ അകക്കാമ്പ് സ്പൂണ്‍കൊണ്ട് കോരിക്കഴിച്ചാല്‍ സ്വാദിഷ്ടം.

*മരത്തിന്റെ ഇലകള്‍ക്ക് അതിസാര ചികിത്സയില്‍ ഉപയോഗമുണ്ട്.*

*പ്രമേഹം, വാതം എന്നിവയുടെ ചികിത്സയിലും പഴം പ്രയോജനപ്പെടുന്നു.*

*ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് തടി അനുയോജ്യമാണ്.*

ഈ അടുത്ത കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടൊരു പഴമാണ് മില്‍ക്ക് ഫ്രൂട്ട്. സപ്പോട്ട കുടുംബത്തില്‍പ്പെട്ട ഈ പഴത്തിന്റെ ശാസ്ത്രീയ നാമം ക്രൈസോഫില്ലം എന്നാണ്.

വെസ്റ്റ്ഇന്‍ഡീസില്‍ ജന്മംകൊണ്ട മിള്‍ക്ക് ഫ്രൂട്ട് വളരെ മനോഹരമായ ഇലച്ചാര്‍ത്തോടുകൂടിയ ഒരു ചെറു മരമാണ്. ഇളം പച്ചയും പര്‍പ്പിളും നിറത്തില്‍ നൂറുഗ്രാമോളം ഭാരത്തിലാണ് ഈ മരത്തില്‍ പഴങ്ങള്‍ ഉണ്ടാകുന്നത്. മില്‍ക്ക് ഫ്രൂട്ട് തണുപ്പിച്ച ശേഷം കഴിക്കുമ്പോഴാണ് കൂടുതല്‍ ആസ്വാദ്യം.

ധാരളം ആന്റി ഓക്‌സിഡന്റുകളുടേയും വിറ്റാമിനുകളുടേയും ധാതുക്കളുടേയും ഒരു കലവറതന്നെയാണ് ഈ പഴം.

ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ മഴക്കാലാരംഭത്തോടെ സൂര്യ പ്രപകാശം ലഭിക്കത്തക്കവണ്ണം നട്ട് വേണ്ടത്ര പരിചരണം നല്‍കിയാല്‍ രണ്ടാം വര്‍ഷം മുതല്‍ കായ് പിടിക്കുന്നതിനു സജ്ജമാകും.

വര്‍ഷംതോറും ചെറിയ തോതില്‍ സംയുക്ത വളങ്ങള്‍ നല്‍കിയാല്‍ ധാരാളം ഫലങ്ങള്‍ ലഭിക്കും.

*പോഷകസമ്പന്നമെന്നതിന് പുറമേ പാല്‍പ്പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ മെത്തിയോണിന്‍, ലൈസിന്‍ എന്നീ അമിനോ അമ്ലങ്ങളുമുണ്ട്. പാല്‍പ്പഴത്തിന്റെ കൃഷി അടുത്തിടെ കേരളത്തിലും പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *