ചൈനീസ് കാബേജിൻറെ കൃഷിരീതി അറിഞ്ഞിരിക്കാം

കാത്സ്യവും വിറ്റാമിനും ധാരാളമടങ്ങിയ ചൈനീസ് കാബേജ് കലോറി കുറഞ്ഞ ഒരു ഇലവര്‍ഗ്ഗമാണ്. ആന്‍റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഈ കാബേജ് ചര്‍മ്മത്തിനും, ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.  ഇന്ത്യയിലും വളരുന്ന ഈ പച്ചക്കറി തണുപ്പുകാലത്ത് വളര്‍ത്തി വിളവെടുക്കുന്നതാണ്.  ചൈനീസ് കാബേജ് സൂപ്പിലും സാലഡിലും ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ കറിയിലും ചട്‍ണിയിലും കൂടാതെ വറുത്തും ഉപയോഗിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ ഡിമാന്‍റുള്ള പച്ചക്കറിയായതിനാല്‍ വ്യാവസായികമായ ഉൽപ്പാദനം വരുമാനം നേടിക്കൊടുക്കുന്നു.

തൈകള്‍ നടുന്നതിന് മൂന്ന് മാസം മുമ്പേ തന്നെ കൃഷിഭൂമി തയ്യാറാക്കണം. നേരത്തേ മണ്ണിലുള്ള ചെടികളുടെ അവശിഷ്ടങ്ങളും കളകളും ഒഴിവാക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 500 മുതല്‍ 600 വരെ ഗ്രാം വിത്തുകളാണ് നടുന്നത്. സാധാരണ പരമ്പരാഗതമായി കൃഷി ചെയ്യുന്ന രീതിയില്‍ ഏകദേശം ഒരു കി.ഗ്രാം വിത്ത് ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാം.

നന്നായി വെള്ളം ആവശ്യമുള്ള വിളയാണിത്.  കാബേജിന്റെ തലഭാഗം രൂപപ്പെടുന്ന സമയമാണ് ജലസേചനം ഏറ്റവും അത്യാവശ്യം.  മണ്ണിന്റെ ഇനത്തിനെയും കാലാവസ്ഥയെയും ആശ്രയിച്ച് ജലസേചനം വ്യത്യാസപ്പെടും. മണല്‍ കലര്‍ന്ന മണ്ണിലാണെങ്കില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ജലസേചനം നടത്തുന്നതാണ് നല്ലത്. വിവിധ തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ള മണല്‍ അടങ്ങിയ മണ്ണാണ് നല്ലത്. 5.5 -നും 7.0 -നും ഇടയിലുള്ള പി.എച്ച് മൂല്യമുള്ള മണ്ണാണ് വേണ്ടത്.

ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിഭൂമി ഒരുക്കിയ ശേഷം 15 മുതല്‍ 20 ടണ്‍ വരെ ജൈവവളം ചേര്‍ക്കാം. നൈട്രജന്‍ 160 മുതല്‍ 200 കി.ഗ്രാം വരെ ഒരു ഹെക്ടര്‍ സ്ഥലത്ത് ആവശ്യമാണ്. അതുപോലെ 80 മുതല്‍ 120 കിലോ വരെ ഫോസ്ഫറസും 180 മുതല്‍ 250 കിലോ വരെ പൊട്ടാഷും 100 മുതല്‍ 150 കിലോ വരെ കാല്‍ഷ്യവും 20 മുതല്‍ 40 കിലോ വരെ മഗ്നീഷ്യവും ഒരു ഹെക്ടര്‍ സ്ഥലത്ത് ആവശ്യമാണ്.

നട്ടുവളര്‍ത്തി 70 മുതല്‍ 100 ദിവസത്തിനുള്ളില്‍ ചൈനീസ് കാബേജ് വിളവെടുക്കന്‍ പാകമാകും. ഇലകള്‍ കൈകൊണ്ട് തന്നെ പറിച്ചെടുക്കാം. എട്ടിലകള്‍ വരുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്.

Share Now

Leave a Reply

Your email address will not be published. Required fields are marked *