കിലോഗ്രാമിന് 14700 രൂപവരെ വില കിട്ടുന്ന ചന്ദനത്തിന്റെ നേഴ്സറിയുമായി യുവസംരംഭകൻ പ്രമോദ്

സർക്കാരിനു മാത്രം മുറിച്ചുവിൽക്കാനാവുമായിരുന്ന ചന്ദനമരങ്ങൾ (sandalwood) സ്വകാര്യവ്യക്തികൾക്ക് നട്ടുവളർത്തി വിൽക്കാനുള്ള നടപടിക്രമങ്ങൾക്ക് വനംവകുപ്പ് (Forest Department) രൂപം നൽകിയിരുന്നു . ഇതിന്റെ ഭാഗമായി തടി മുറിച്ചുമാറ്റുന്നതിന് ഫീസ് (സീനിയറേജ്) നിശ്ചയിച്ചു. 

ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തി ആമ്പല്ലൂർ ഭാഗത്തുള്ള കർഷകനായ പ്രമോദ് ചന്ദന മരത്തിന്റെ നഴ്സറി തുടങ്ങി. അമ്പതിനായിരത്തോളം ചന്ദന മരത്തിന്റെ തൈകൾ ഇന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ട്. ദിവസേന പതിനായിരത്തോളം തൈകൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദനമരങ്ങളുടെ വലിയ തോട്ടങ്ങൾ ചെയ്യാനും പ്രമോദിന് നിരവധി ഓർഡറുകൾ കിട്ടാറുണ്ട്.

ഒന്നാംതരത്തിൽപ്പെട്ട ‘വിലായത് ബുദ്ധ’ വിഭാഗം മുതൽ ചന്ദനച്ചീളുവരെ നീളുന്ന 15 വിഭാഗങ്ങളായി തിരിച്ചാണ് ചന്ദനം മുറിക്കുന്നതിന് സീനിയറേജ് കണക്കാക്കിയിട്ടുള്ളതെന്ന് പ്രമോദ് പറഞ്ഞു. ഒന്നാംതരം, രണ്ടാംതരം നിലവാരത്തിലുള്ളവയ്ക്ക് കിലോഗ്രാമിന് 14,700 രൂപയാണ് ഫീസ്. ‘പഞ്ചം’ വിഭാഗത്തിൽപ്പെട്ട മൂന്നാംതരത്തിന് 14,000 വും ‘ഗോദ് ല’ വിഭാഗത്തിൽപ്പെട്ട നാലംതരത്തിന് 13,600 രൂപയും നിശ്ചയിച്ചിട്ടുണ്ട്. ഗാഡ് ബഡ്‌ല വിഭാഗത്തിൽപ്പെട്ട അഞ്ചാം തരത്തിന് 13,800 രൂപയും മരം മുറി ഫീസായി അടയ്ക്കണം. ചന്ദനപ്പൊടി കിലോഗ്രാമിന് 3,000 രൂപയും ചന്ദനച്ചീളിന് 150 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

മുന്തിയ ഇനം ചന്ദനം കിലോഗ്രാമിന് 35,000 മുതൽ 40,000 രൂപവരെ പൊതുവിപണിയിൽ വിലയുണ്ട്. തൈലമായി വിദേശ വിപണിയിലെത്തുമ്പോൾ ലിറ്ററിന് 2.28 ലക്ഷം രൂപ വിലവരും

കൃഷി വ്യാപകമാക്കുന്നതിനായി സ്വകാര്യ വ്യക്തികൾക്ക് സ്വന്തമായി കൃഷി ചെയ്യാനും മുറിച്ചു വിൽക്കാനും കേന്ദ്ര സർക്കാർ ഈ വർഷം നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു. തൈകൾ ഇടുക്കിയിലെ മറയൂരിൽ നിന്നടക്കം വിതരണം ചെയ്യും. ചന്ദന കൃഷിയ്ക്ക് 30% വരെ സബ്സിഡി ഉള്ളതിനാൽ ചന്ദന തൈകൾക്ക് വൻ ഡിമാൻഡാണ്. കൂടാതെ കിലോഗ്രാമിന് നല്ല വില കിട്ടുന്നതിനാൽ ധാരാളം പേർ കേരളത്തിന്റെ വിവിധ ഭാഗത്തു നിന്ന് ചന്ദന തൈകൾ വൻ തോതിൽ വാങ്ങി കൊണ്ടുപോകാൻ വരാറുണ്ടെന്ന് പ്രമോദ് പറഞ്ഞു. 

കൃഷി ചെയ്യുന്നതിനോ തൈകൾ നടുന്നതിനോ ലൈസൻസ് വേണ്ട. അടുത്തുള്ള വനംവകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ചെറുകിട കച്ചവടങ്ങൾ ഉടമകൾക്ക് നേരിട്ട് നടത്താം. കയറ്റുമതി ഇപ്പോഴും സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ സാധ്യമാവൂ. തടി പാകമായിക്കഴിഞ്ഞാൽ വനംവകുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ മുറിക്കണം. പാസുകളോടുകൂടി മരം അതത് സർക്കാർ സംവിധാനങ്ങളിലേക്ക് അയക്കാം. ഏകീകരിച്ച വിലയ്ക്കാണ് സർക്കാർ തടി എടുക്കുന്നത്.

Share Now

Leave a Reply

Your email address will not be published. Required fields are marked *